മലയാളം സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് മികച്ച തുടക്കമാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്. ലോ ബഡ്ജറ്റ് ചിത്രങ്ങള്‍ കോടികള്‍ വാരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് എന്നതാണ് അങ്ങനെ പറയുവാനുള്ള പ്രധാന കാരണം. ഈയടുത്ത് റിലീസ് ചെയ്ത സൗബിന്‍ ഷാഹിര്‍ ചിത്രം രോമാഞ്ചം വന്‍ വിജയമാണ് നേടുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി കളക്ഷന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം കേരളത്തിലെ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം നേടിയത് 25 കോടി രൂപയാണെന്ന് ട്വിറ്റര്‍ ട്രാക്കിംഗ് ഫോറങ്ങള്‍ പറയുന്നു. ലോകമെമ്പാടുമായി ചിത്രം 39 കോടി രൂപ സ്വന്തമാക്കിയെന്നും ഫോറങ്ങള്‍ പറയുന്നു. ഫെബ്രുവരി മൂന്നിനാണ് ചിത്രം പുറത്തിറങ്ങിയത്.
നവാഗതനായ ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തത്. 1.75 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. പല മള്‍ട്ടിപ്ലെക്‌സുകളിലും ചെറിയ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഡിമാന്റ് വര്‍ധിച്ചതോടെ വലിയ സ്‌ക്രീനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ടൊരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. 2007ല്‍ ബെംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ് ആണ് നിര്‍മ്മാണം. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്‌സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്‌കര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. സംഗീതം സുഷിന്‍ ശ്യാം.