രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. ഷിഫിന ബബിൻ പക്കെർ ആണ് ജിത്തുവിന്റെ വധു. ഷിഫിന തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവാഹിതരായ വിവരം ആരാധകരുമായി പങ്കുവച്ചത്. ഞങ്ങൾ വിവാഹിതരായി എന്ന ക്യാപ്ഷനോടൊപ്പമാണ് ഷിഫിന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
വളരെ സിംപിളായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും ഷിഫിന പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. നടൻ സജിൻ ഗോപു, ബിനു പപ്പു എന്നിവരും ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.
സഹസംവിധായകയാണ് ഷിഫിന. വളരെ ലളിതമായ കഥ കൊണ്ട് മലയാളികളെ മനസറിഞ്ഞ് പൊട്ടിച്ചിരിപ്പിച്ച സിനിമയാണ് രോമാഞ്ചം. നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ…എന്ന ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു.
ജിത്തു മാധവൻ ആദ്യം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു രോമാഞ്ചം. ബോക്സോഫീസിൽ മികച്ച കളക്ഷനാണ് ചിത്രം നേടിയതും. രോമാഞ്ചത്തിന്റെ മികച്ച വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണിപ്പോൾ ജിത്തു. ആവേശം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.