റിയാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് റിയാദിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
ഗസയില്‍ പൊതുജനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങള്‍ ഹീനമായ കുറ്റകൃത്യമെന്ന് കിരീടാവകാശി ബ്രിട്ടിഷ് പ്രധാനമന്ത്രിയെ അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്മാരെ ലക്ഷ്യംവച്ചതിനെ ശക്തമായി അപലപിച്ച കിരീടാവകാശി പലസ്തീന് വിഷയത്തില്‍ സൗദിയുടെ നിലപാട് അറിയിച്ചുവെന്നും എസ്പിഎ അറിയിച്ചു.
സാധാരണക്കാരുടെ ജീവന് സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കിരീടാവകാശി കൂടിക്കാഴ്ചയില്‍ പ്രത്യേകം പരാമര്‍ശിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിനും പലസ്തീന് ജനതയ്ക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സാഹചര്യമൊരുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. അറബ് മേഖലയിലും അതിനപ്പുറത്തേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാനും അക്രമം വ്യാപിക്കുന്നത് തടയാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ പ്രാധാന്യവും കിരീടാവകാശി ചൂണ്ടിക്കാട്ടി.
പശ്ചേമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിക്കാനുള്ള സൗദിയുടെ ശേഷിയെയും ശ്രമങ്ങളെയും ബ്രിട്ടിഷ് പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. 24 ലക്ഷത്തോളം വരുന്ന ഗസ മുനമ്പിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് സുനക് സൗദിയിലെത്തിയത്. ഇസ്രായേല്‍ നടപടിക്ക് അദ്ദേഹം നേരത്തേ ശക്തമായ പിന്തുണ അറിയിച്ചിരുന്നു. ഹമാസ് ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെ ഇസ്രായേലില്‍ 1,400ലധികം പേരും ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗസയില്‍ 3,700ലധികം പേരും കൊല്ലപ്പെട്ടു.
ഗസയിലെ അല്അഹ്ലി ഹോസ്പിറ്റലിനു നേരെ അടുത്തിടെ നടന്ന ആക്രമണം ആഗോള രോഷത്തിന്, പ്രത്യേകിച്ച് അറബ് ലോകത്ത് കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെയാണ് സുനകിന്റെ പശ്ചിമേഷ്യ സന്ദര്‍ശനം. സംഭവത്തില്‍ പല അറബ് രാജ്യങ്ങളും ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. ഗസ അതിര്‍ത്തിയില്‍ തമ്പടിച്ച ഇസ്രായേല്‍ സൈനികരോട് കര ആക്രമണത്തിന് തയ്യാറെടുക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യാഴാഴ്ച നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.