ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ റിഷഭ് പന്തിന്റെ ബാറ്റിംഗ് പൊസിഷനിൽ പ്രതികരണവുമായി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാതോര്. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലും ലോകകപ്പിലെ ആദ്യ മത്സരത്തിലും റിഷഭ് മൂന്നാം നമ്പറിലാണ് ക്രീസിലെത്തിയത്. യുവ വിക്കറ്റ് കീപ്പറുടെ ബാറ്റിംഗ് പൊസിഷനിൽ മാറ്റമുണ്ടാകുമോയെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടുന്ന ചോദ്യം.
റിഷഭ് പന്ത് ഇനി മുതൽ മൂന്നാം നമ്പറിൽ തുടരുമെന്നാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ പറയുന്നത്. അയാൾ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അയാൾ വളരെ നന്നായി ബാറ്റ് ചെയ്തു. അതിനാൽ നിലവിൽ ഇന്ത്യൻ ടീമിന്റെ മൂന്നാം നമ്പർ താരം റിഷഭ് പന്ത് ആണ്. അയാൾ ഒരു ഇടം കയ്യൻ ബാറ്ററെന്നതും ഇന്ത്യൻ ടീമിനെ സഹായിക്കുന്നുവെന്നും വിക്രം റാതോർ വ്യക്തമാക്കി.
ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ റിഷഭ് 26 ബോളിൽ 53 റൺസും അയർലൻഡിനെതിരെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ 25 ബോളിൽ 30 റൺസുമെടുത്തു. രണ്ട് മത്സരങ്ങളിലും താരം വിക്കറ്റ് നഷ്ടപ്പെടുത്തിയതുമില്ല. ഈ അവസരത്തിൽ തന്നിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിച്ച് ദൈവത്തിന് നന്ദിയെന്നാണ് റിഷഭ് പന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.