Sports

തോൽവിയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു, ഇതിഹാസമായി മാറി; സ്റ്റുവാർട്ട് ബ്രോഡ് വിരമിക്കുമ്പോൾ…

Published

on

2007 സെപ്റ്റംബർ 19, ലോകത്ത് അത്യത്ഭുതങ്ങൾ ഒന്നും നടന്നതായി അറിവില്ല‌, പക്ഷേ ക്രിക്കറ്റ് ലോകത്ത് ആ ദിനം മറക്കാത്ത രണ്ടു പേരുണ്ട്. യുവരാജ് സിങ്ങ് പതിവു തെറ്റിക്കാതെ പിന്നീടും ഇന്ത്യൻ വിജയങ്ങളിൽ, രണ്ടു ലോകകപ്പിലടക്കം പങ്കാളിയായി. അസുഖം കീഴ്പ്പെടുത്തിയില്ലായിരുന്നെങ്കിൽ അയാൾ എവിടെയോ ഉയരങ്ങളിൽ എത്തിപ്പെടുമായിരുന്നു.

മറ്റേയാൾ, അന്നത്തെ ആ ദുരന്ത നായകനെ ആ ആറു സിക്സറുകൾ ഒരുപാടു കാലം വേട്ടയാടിയിട്ടുണ്ട്. ഒരുപാടു രാത്രികളിൽ അയാൾ അക്കാര്യമോർത്ത് ഉറക്കം കളഞ്ഞിട്ടുണ്ടാവാം. കഴിവിനൊത്തു കരിയറിൽ വിജയിക്കാതെ പോയ ക്രിസ് ബ്രോഡ് അക്കാലമത്രയും മകൻ സ്റ്റുവാർട്ട് ബ്രോഡിന് താങ്ങും തണലുമായി നിന്നിട്ടുണ്ടാവും.

ഇരുപത്തിയൊന്നാം വയസ്സിൽ ലോക ക്രിക്കറ്റിലെ കണ്ണീർ വീണ അധ്യായമായി എരിഞ്ഞടങ്ങുമെന്ന് കരുതിയ സ്റ്റുവാർട്ട് ബ്രോഡ് പിന്നീട് പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയ രണ്ടാമത്തെ പേസ് ബൗളറും ഇംഗ്ലീഷ് ചരിത്രത്തിലെ രണ്ടാമത്തെ ബൗളറും കൂടാതെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റനുമായത് ചരിത്രത്തിൻ്റെ രണ്ടാം അധ്യായം.

ടെസ്റ്റിൽ ഒരു ഒൻപതാം നമ്പർ ബാറ്റർ നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറാണ് പാക്കിസ്ഥാനെതിരെ സ്റ്റുവാർട്ട് ബ്രോഡ് നേടിയ 169. ഒന്നു കൂടി മനസ്സുവെച്ചിരുന്നെങ്കിൽ ഇയാൻ സ്മിത്ത് തൻ്റെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നേനെ. വെറും 15 റൺസിന് 8 വിക്കറ്റുകൾ നേടി ദ് മൈറ്റി ഓസീസിനെ 60 റൺസിന് ഓൾ ഔട്ടാക്കിയ പ്രകടനം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനങ്ങളിലൊന്നാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഹാട്രിക്ക് നേടിയ ഏക ബൗളറും അദ്ദേഹം തന്നെ.

മറക്കാനാഗ്രഹിച്ചാലും വേട്ടയാടുന്ന കിങ്ങ്സ്മീഡിലെ ദുരന്ത രാവിൽ നിന്നു പതിനേഴ് വർഷങ്ങൾ കഴിയുമ്പോൾ അയാൾ 167 ടെസ്റ്റിൽ നിന്ന് 604 വിക്കറ്റുകളെടുത്ത് സമകാലികരിൽ നിന്നും ബഹുദൂരം മുന്നിലാണ്. ഇംഗ്ലീഷ് ടീമിലെ കൂട്ടാളി ജെയിംസ് ആൻഡേഴ്സൻ മാത്രമാണ് പേസർ എന്ന നിലയിൽ അയാളുടെ മുന്നിൽ.

ലോകം വിജയിച്ചവരുടേത് മാത്രമല്ല, തോറ്റവരുടേത് കൂടിയാണ്. അല്ല, തോൽവിയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു പറന്ന് ആകാശത്തോളം എത്തിയവരുടേതും കൂടിയാണ്. ഒരിക്കൽ കരിയർ പോലും അവസാനിച്ചെന്ന് കരുതിയിടത്ത് നിന്ന് ഇതിഹാസമായി വളർന്ന സ്റ്റുവാർട്ട് ബ്രോഡ് ഇതാ അഞ്ചാം ആഷസ് ടെസ്റ്റിന് ശേഷം കളിക്കളത്തോട് വിടപറഞ്ഞിരിക്കുന്നു. അതും അവസാന കളിയിൽ ടീമിന്റെ വിജയവിക്കറ്റും ‌നേടിക്കൊണ്ട്. സല്യൂട്ട് ബ്രോഡ്. ഹാപ്പി റിട്ടയർമെന്റ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version