പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കിടെ മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകർത്തു. ഇന്ത്യൻ ബാറ്റിംഗിന്റെ 19-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ മധ്യനിര താരം റിങ്കു സിംഗാണ് തകർപ്പൻ സിക്സ് നേടിയത്. എയ്ഡാൻ മാക്രം എറിഞ്ഞ 19-ാം ഓവറിലെ അവസാന രണ്ട് പന്തുകളും റിങ്കു നിലം തൊടാതെ അതിർത്തി കടത്തി. രണ്ടാമത്തെ സിക്സ് ചെന്നുപതിച്ചത് മാധ്യമപ്രവർത്തകരുടെ ഗ്യാലറിയിലെ ചില്ലിലാണ്.
മത്സരത്തിൽ അതുവരെ ഒരൽപ്പം ശാന്തമായാണ് റിങ്കു ബാറ്റ് ചെയ്തത്. അർദ്ധ സെഞ്ചുറി പിന്നിടുമ്പോൾ ഒമ്പത് ഫോറുകളാണ് റിങ്കുവിന്റെ പേരിൽ ഉണ്ടായിരുന്നത്. എന്നാൽ എയ്ഡൻ മാക്രമിനെതിരെ റിങ്കു ഉഗ്രരൂപം പുറത്തെടുത്തു. ആ ഓവറിൽ 16 റൺസ് നേടിയ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു.
ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കാൻ മൂന്ന് പന്ത് മാത്രം ബാക്കി നിൽക്കെ കനത്ത മഴ മത്സരം തടസപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും റിങ്കു സിംഗിന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നേടിത്തന്നത്.