Gulf

യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പുതിയ നിക്ഷേപ പദ്ധതി

Published

on

അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. നിലവിലുള്ള സേവനാനന്തര ആനുകൂല്യത്തിന് ബദലും ഐച്ഛികവുമാണിത്. പദ്ധതിയില്‍ ചേരണമെന്ന് നിര്‍ബന്ധമില്ല. താല്‍പര്യമുള്ള തൊഴിലുടമകള്‍ക്ക് അവരുടെ തൊഴിലാളികളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാം. നിലവിലെ ഫണ്ട് സംരക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ സാമ്പത്തിക നേട്ടത്തിന് അവസരം നല്‍കുന്ന നിക്ഷേപമായി വിരമിക്കല്‍ ഫണ്ടിനെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. ഇതിനായി യുഎഇ മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സേവിങ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ സ്‌കീം ആവിഷ്‌കരിക്കും. ജീവനക്കാരുടെ എന്‍ഡ്ഓഫ്‌സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഒന്നിലധികം ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഫണ്ടില്‍ നിക്ഷേപിക്കും.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്നലെ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ സ്‌കീം സംബന്ധിച്ച തീരുമാനമെടുത്തത്. തൊഴിലാളികളുടെ സമ്പാദ്യം സംരക്ഷിക്കുകയും അവര്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സ്ഥിരത നല്‍കാനും സ്‌കീം ഉപകരിക്കമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി ഒരു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് എന്‍ഡ് ഓഫ് സര്‍വീസ് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. നിലവില്‍ യുഎഇയിലെ ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റി ലഭിച്ചുവരുന്നു. തൊഴിലാളികളുടെ തസ്തിക പരിഗണിക്കാതെ തന്നെ തൊഴിലുടമകള്‍ക്ക് എല്ലാവരേയും പുതിയ സംവിധാനത്തില്‍ ചേര്‍ക്കാനും പ്രതിമാസ വിഹിതം നല്‍കാനും കഴിയും. മൂന്ന് തരത്തിലുള്ള നിക്ഷേപ ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ശരീഅത്ത് നിയമത്തിന് അനുസൃതമായ നിക്ഷേപമാണ് ഇതിലൊന്ന്. റിസ്‌ക് ഇല്ലാത്ത മൂലധന ഗ്യാരണ്ടി വാഗ്ദാനം ചെയ്യുന്ന ഓപ്ഷനാണ് മറ്റൊന്ന്. താഴ്ന്ന, ഇടത്തരം, ഉയര്‍ന്ന എന്നിങ്ങനെ റിസ്‌ക് സാധ്യതകള്‍ വ്യത്യാസപ്പെട്ടിരിക്കുന്ന നിക്ഷേപ അവസരമാണ് മൂന്നാമത്തേത്.

പരമ്പരാഗത സംവിധാനത്തേക്കാള്‍ കുറഞ്ഞ ചെലവ് മാത്രമേ ഉള്ളൂവെന്നതാണ് പുതിയ സ്‌കീമിന്റെ മറ്റൊരു പ്രത്യേകത. തൊഴിലുടമകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ സ്‌കീമില്‍ ചേരുന്നത് ലാഭകരമായിരിക്കും. തൊഴിലുടമയുമായുള്ള തൊഴില്‍ ബന്ധം അവസാനിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങളും റിട്ടേണുകളും നല്‍കുകയും ചെയ്യും.

കൂടുതല്‍ ആകര്‍ഷകമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ബദല്‍ എന്‍ഡ്ഓഫ്‌സര്‍വീസ് സ്‌കീമില്‍ ചേരാന്‍ തൊഴിലുടമകള്‍ താല്‍പര്യം കാണിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കൂടാതെ തൊഴിലാളികളെ സ്ഥാപനത്തില്‍ കൂടുതല്‍ കാലം ജോലിചെയ്യുന്നതിന് സ്‌കീം പ്രോല്‍സാഹനമാവുകയും ചെയ്യും. യുഎഇയിലെ ജോലിക്കാര്‍ക്ക് വിരമിക്കല്‍ ഫണ്ടായി ലഭിക്കുന്ന ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങള്‍ തുടര്‍ജീവിതം കെട്ടിപ്പടിക്കാന്‍ പര്യാപ്തമാണെന്ന് നേരത്ത തൊഴില്‍രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ 82 ശതമാനം തൊഴിലാളികളും ഗ്രാറ്റുവിറ്റി ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം സേവിങ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ നാഷണല്‍ ബോണ്ട്‌സ് അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2022ല്‍ ദുബായ് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കായി സേവനാനന്തര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ക്ക് സമ്പാദ്യത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും വര്‍ധിപ്പിക്കാന്‍ അവസരം നല്‍കുന്ന സകീം ആണിത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version