Gulf

രേഖകളോ ശമ്പളമോ ഇല്ലാതെ ജോലിയെടുക്കാന്‍ വിസമ്മതിച്ചതിന് പ്രതികാരം; എക്‌സിറ്റ് അടിച്ച ശേഷം മറച്ചുവച്ച് സ്‌പോണ്‍സറുടെ ചതി

Published

on

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ സ്‌പോണ്‍സറുടെ കൊടിയ തൊഴില്‍ ചൂഷണത്തിനിരയായ മലയാളി ഉള്‍പ്പെടെയുള്ള ഒമ്പത് ഇന്ത്യക്കാരുടെ വിഷയത്തില്‍ എംബസിയുടെ ഇടപെടല്‍ തുടരുന്നു. ഇവരില്‍ നാല് തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അടിക്കുകയും ഇക്കാര്യം തൊഴിലാളികളില്‍ നിന്ന് മറച്ചുവച്ച് എക്‌സിറ്റ് വിസ കാലാവധി അവസാനിപ്പിച്ച് നിയമക്കുരുക്കിലാക്കുകയും ചെയ്തതായി തെളിഞ്ഞു.

എക്‌സിറ്റ് കാലാവധി കഴിഞ്ഞതിന്റെ പിഴയായി ആയിരം റിയാല്‍ വീതം ഓരോരുത്തരും അടച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാലേ ഇവര്‍ക്ക് ഇനി രാജ്യംവിടാനാവൂ. ഉത്തര്‍ പ്രദേശ് സ്വദേശികളായ രോഹിതാഷ്, രാം നാരായണ്‍, ഉത്തരാഖണ്ഡ് സ്വദേശി സാസിദ് ഹുസൈന്‍, തമിഴ്‌നാട് സ്വദേശി പൂവലിംഗം എന്നിവരുടെ എക്‌സിറ്റ് കാലാവധിയാണ് അവസാനിച്ചത്.

താമസരേഖയായ ഇഖാമ പോലും എടുത്തുനല്‍കാതെ കടുത്ത നിയമലംഘനം നടത്തുകയും ശമ്പളം നല്‍കാതെ പണിയെടുപ്പിക്കുകയുമായിരുന്നു. ഒരു മലയാളിയും ഒരു തമിഴ്‌നാട്ടുകാരനും മൂന്ന് ഉത്തര്‍പ്രദേശുകാരും നാല് ഉത്തരാഖണ്ഡ് സ്വദേശികളുമാണ് തൊഴില്‍ ചൂഷണത്തിന് ഇരയായത്. മലപ്പുറം സ്വദേശി രഞ്ജുവാണ് സംഘത്തിലുള്ള മലയാളി.

തൊഴില്‍ ചൂഷണത്തിനെതിരെ എംബസിയില്‍ പരാതി നല്‍കിയപ്പോള്‍ തൊഴിലാളികളുടെ താമസസ്ഥലത്തേക്കുള്ള വെള്ളവും വൈദ്യുതിയും സ്‌പോണ്‍സര്‍ വിച്ഛേദിച്ചിരുന്നു. കടുത്ത ചൂടില്‍ എസിയോ വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ഇവര്‍ പ്രയാസപ്പെട്ടതോടെ കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം ശുമേസിയിലെ പെര്‍ഫെക്ട് ഫാമിലി ട്രേഡിങ് കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളമടക്കമുള്ള അവശ്യസഹായങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. വെള്ളം ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.

റിയാദില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ബംബാനിലെ മാസ്‌റ്റേഴ്‌സ് കണ്‍സ്ട്രക്ഷന്‍ ആന്റ് ആര്‍കിടെക്റ്ററല്‍ കോണ്‍ട്രാക്റ്റിങ് എന്ന സ്ഥാപനത്തിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഇവരെ റിക്രൂട്ട് ചെയ്തത്. തുടക്കംമുതല്‍ രണ്ടു മാസം കൂടുമ്പോഴാണ് ശമ്പളം ലഭിച്ചിരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. അഞ്ചുമാസമായിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെയാണ് ജോലി ചെയ്യുന്നത് നിര്‍ത്തിയത്. രേഖകളോ ശമ്പളമോ ഇല്ലാതെ ജോലിചെയ്യാന്‍ കഴിയില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചതോടെയാണ് പുതുതായി വന്ന നാലു പേരുടെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അടിച്ചത്.

മലപ്പുറം സ്വദേശി രഞ്ജുവിന്റെയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇഖാമ കാലാവധി ഒമ്പത് മാസം മുമ്പ് അവസാനിച്ചെങ്കിലും ഇതുവരെയും എടുത്ത് നല്‍കിയിട്ടില്ല. ഒന്നര വര്‍ഷം മുമ്പാണ് രഞ്ജു സൗദിയിലെത്തിയത്. ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്ന് നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. റിയാദ് ലേബര്‍ ഓഫിസില്‍ പരാതി നല്‍കി ശമ്പളം ഈടാക്കി നല്‍കാനും രേഖകള്‍ ശരിയാക്കിനല്‍കാത്ത പക്ഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനും നടപടി സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version