Gulf

ഹലാല്‍ എന്ന വ്യാജേന ഭക്ഷണം വിറ്റതിന് അബുദാബിയില്‍ റെസ്റ്റോറന്റ അടച്ചുപൂട്ടി

Published

on

അബുദാബി: ഹലാല്‍ അല്ലാത്ത ഭക്ഷണം വില്‍ക്കുകയും ഹലാല്‍ ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അതേ പാത്ര
ങ്ങളില്‍ തയ്യാറാക്കി സൂക്ഷിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അധികൃതര്‍ അബുദാബിയിലെ റെസ്റ്റോറന്റ അടച്ചുപൂട്ടി.

അബുദാബിയിലെ മുസ്സഫ ഏരിയയില്‍ സ്ഥിതിചെയ്യുന്ന ബിരാത് മനില റെസ്റ്റോറന്റ് ആണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്‌സ) അടപ്പിച്ചത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008ലെ നിയമ നമ്പര്‍ (2), അനുബന്ധ നിയമങ്ങള്‍ റെസ്റ്റോറന്റ് ലംഘിച്ചതായി കണ്ടെത്തി. പൊതുജനാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നവിധമാണ് റെസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനങ്ങളെന്ന് ‘അദാഫ്‌സ’ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റില്‍ വ്യക്തമാക്കി.

ഹലാല്‍ അല്ലാത്ത ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ആവശ്യമായ പെര്‍മിറ്റുകള്‍ നേടിയ ശേഷം സ്ഥാപനം വീണ്ടും തുറക്കുന്നതിന് അനുമതി നല്‍കും. തുറക്കുന്നതിന് മുമ്പായി ആവശ്യമായ പുതിയ പാത്രങ്ങള്‍ വാങ്ങുകയും പരിസരം മുഴുവന്‍ നന്നായി അണുവിമുക്തമാക്കുകയും വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഹലാല്‍ അല്ലാത്ത ഭക്ഷണം ഹലാല്‍ ഭക്ഷണമാണെന്ന വ്യാജേന നല്‍കുന്നത് നിയമവിരുദ്ധമാണ്. ഒരേ ഹോട്ടലില്‍ ഹലാല്‍, നോണ്‍ ഹലാല്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ അനുമതി വാങ്ങുകയും വേര്‍തിരിച്ച ഇടങ്ങളിലും പാത്രങ്ങളിലും പാകംചെയ്യുകയും അതിനായുള്ള പാത്രങ്ങളില്‍ സൂക്ഷിക്കുകയും വേണം. ഏതുതരം ഭക്ഷണമാണെന്ന കാര്യം ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കുകയും വേണം.

അബുദാബിയിലെ എല്ലാ ഭക്ഷണ സ്ഥാപനങ്ങളും പതിവ് വിലയിരുത്തലിന് വിധേയമാണ്. ഏതെങ്കിലും ഭക്ഷ്യ സ്ഥാപനത്തില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 800555 എന്ന ടോള്‍ ഫ്രീ വഴി അറിയിക്കണമെന്ന് അദാഫ്‌സ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വിവിധ രാജ്യക്കാരായ പ്രവാസികളുടെയും മറ്റും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനും ഫുഡ് സേഫ്റ്റി അതോറിറ്റി ഭക്ഷ്യസ്ഥാപനങ്ങളിലേക്ക് ഫീല്‍ഡ് സന്ദര്‍ശനങ്ങളും പരിശോധനാ കാമ്പെയ്‌നുകളും നടത്തിവരുന്നുണ്ട്.

ഇതേ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നേപ്പാളി ഹിമാലയന്‍ റെസ്റ്റോറന്റ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി ഏതാനും ദിവസം മുമ്പ് സീല്‍ ചെയ്തതിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സിഎന്‍-3025629 എന്ന ട്രേഡ് ലൈസന്‍സ് നമ്പറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അബുദാബി എമിറേറ്റിലെ 2008ലെ ഭക്ഷ്യസുരക്ഷാ നിയമം രണ്ടാം ചട്ടവും അനുബന്ധ നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

ഇറക്കുമതി ചെയ്തതോ തദ്ദേശീയമായി ഉണ്ടാക്കിയതോ ആയ വിഭവങ്ങളാണെങ്കിലും വില്‍പ്പന നടത്തുന്ന സ്വകാര്യ കച്ചവട സ്ഥാപനങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്.

പാത്രങ്ങള്‍ കഴുകുന്ന സിങ്ക്, പാത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗം, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ചെറുപ്രാണികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എവര്‍ ഗ്രീന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റ് എന്ന സ്ഥാപനവും ഭക്ഷ്യസുരക്ഷാ വിഭാഗം അടുത്തിടെ അടപ്പിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

എമിറേറ്റിലെ നിയമം അനുശാസിക്കുന്ന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version