Gulf

യുഎഇയിൽ താമസ – തൊഴിൽ വിസ അനുമതി ഇനി അഞ്ചുദിവസത്തിനുള്ളിൽ; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു

Published

on

യുഎഇ: താമസ തൊഴില്‍ വിസ അനുമതികള്‍ അഞ്ചുദിവസത്തിനുള്ളിൽ സാധ്യമാക്കാനാകുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക.

നേരത്തെ 30 ദിവസമെടുത്ത് പൂർത്തിയാക്കിയിരുന്ന നടപടിക്രമങ്ങളാണ് പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ അഞ്ച് ദിവസമായി കുറയുന്നത്. ഇതോടെ വിസ അനുവദിക്കുന്നതിന് ആവശ്യമായ രേഖകളുടെ എണ്ണം 16ല്‍ നിന്ന് അഞ്ചായി കുറഞ്ഞു. സേവനകേന്ദ്രങ്ങളില്‍ എത്തേണ്ട തവണകള്‍ ഏഴില്‍ നിന്ന് രണ്ടായി ചുരുങ്ങും. ദുബായ് ജാഫ്ലിയയിലെ ജിഡിആർഎഫ്എ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളത്തിനാണ് അധികൃതർ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം,ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദുബായ് ഹെൽത്ത്, ഇക്കണോമി ആൻഡ് ടൂറിസം, ജനറൽ ഡയറക്ടറേറ്റ്. റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നീ സർക്കാർ സ്ഥാപനങ്ങളുടെയെല്ലാം നടപടിക്രമങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. തുടക്കത്തില്‍ ദുബായിലാണ് ഇത് നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും.

താമസജോലി വിസ നടപടിക്രമങ്ങള്‍, താമസ ജോലി വിസ പുതുക്കല്‍, റദ്ദാക്കല്‍, ആരോഗ്യ പരിശോധന, തിരിച്ചറിയല്‍ രേഖയ്ക്കായി വിരലടയാളമെടുക്കല്‍ എന്നീ അഞ്ച് സേവനങ്ങളാണ് ലഭിക്കുക. രാജ്യത്തിന് പുറത്ത് നിന്ന് ജീവനക്കാരനെ ജോലിക്ക് എടുക്കുമ്പോഴുളള നടപടിക്രമങ്ങളും ജീവനക്കാരന് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുളള നടപടിക്രമങ്ങളുമെല്ലാം ഇതിലൂടെ പൂർത്തിയാക്കാനാകും. എന്നാല്‍ ആരോഗ്യപരിശോധനയ്ക്കും എമിറേറ്റ്സ് ഐഡി അനുമതിയ്ക്കും ജീവനക്കാരന്‍ നേരിട്ടെത്തണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version