Entertainment

‘ആരണ്യക’ത്തിലെ അമ്മിണിയെ ഓർമ്മയുണ്ടോ?; മലയാള സിനിമയിലേക്ക് നടി സലീമ വീണ്ടും

Published

on

1985-ൽ ‘ഞാൻ പിറന്ന നാട്ടിൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പരിചയപ്പെട്ട 13കാരി സലീമയെ വിന്റേജ് മോളിവുഡ് സിനിമ പ്രേമികൾ മറക്കാനിടയില്ല. ആദ്യ സിനിമയേക്കാൾ ഒരുപക്ഷേ സലീമയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. എം ടി എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീതും മോനിഷയും കഴിഞ്ഞാൽ തുല്യ സ്ക്രീൻ പ്രസൻസിൽ തന്നെ സലീമ ഇടം നേടിയിരുന്നു. ശേഷം 1988-ൽ പുറത്തിറങ്ങിയ ‘ആരണ്യക’ത്തിലെ അമ്മിണിയെ മലയാളികൾ ചേർത്തു പിടിച്ചു.

നല്ല സിനിമകൾക്കായി തന്നെ വിളിച്ചാൽ ഉറപ്പായും മലയാള സിനിമയിലേക്ക് തിരികെ വരുമെന്ന് പറഞ്ഞിരുന്ന സലീമ 1989-ൽ പുറത്തിറങ്ങിയ മഹായാനം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വലിയൊരിടവേള കഴിഞ്ഞ് തിരികെയെത്തുകയാണ്. ‘കോട്ടയം കുഞ്ഞച്ചൻ’, ‘കിഴക്കൻ പത്രോസ്’, ‘പ്രായിക്കര പാപ്പാൻ’, ‘കന്യാകുമാരി എക്സ്പ്രസ്സ്‌’, ‘ഉപ്പുകണ്ടം ബ്രദേഴ്സ്’, ‘മാന്യന്മാർ’, ‘സ്റ്റാൻലിൻ ശിവദാസ്’, ‘പാളയം’ തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്ന ഡിഎൻഎ എന്ന ചിത്രത്തിലെ പാട്ടിയായാണ് സലീമ മോളിവുഡിന്റെ ഭാഗമാകുന്നത്.

കണ്ടാൽ തനി മലയാളിത്തമുള്ള സലീമ ആന്ധ്രാ സ്വദേശിയാണ്. യഥാർത്ഥ പേര് കലീശ്വരി ദേവി. സിനിമയുടെ തുടക്കകാലത്ത് വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസിൽ സലീമ അമ്മിണിയായി തന്നെ ജീവിക്കുകയാണ്. സലീമയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version