ദുബായ്: യുഎഇ നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അസ്ഥിരമായ കാലാവസ്ഥയ്ക്ക് താല്‍ക്കാലിക വിരാമമായതായി പ്രഖ്യാപനം. രാജ്യത്ത് മഴയും കാറ്റും വീണ്ടും ശക്തമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് ദേശീയ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ ഈ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റും മഴയും നിറഞ്ഞ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രവും സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ രാജ്യത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരികെ എത്തിയതായും മഴയുടെയും കാറ്റിന്‍റെയും തീവ്രത കുറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 16ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴ ദുബായ് നഗരത്തില്‍ ഉള്‍പ്പെടെ വലിയ വെള്ളപ്പൊക്കത്തിന് കാരണമാവുകയും ആയിരക്കണക്കിന് വീടുകള്‍, മറ്റ് കെട്ടിടങ്ങള്‍, റോഡുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മഴയുണ്ടാവുമെന്ന കാലാവസ്ഥാ പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ വിപുലമായ പ്രതിരോധ നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിരുന്നു. ഇതിനായി കേന്ദ്ര ഓപ്പറേറ്റിങ് റൂമുകളും പ്രത്യേക വര്‍ക്ക് ടീമുകളും പൂര്‍ണ്ണ സജ്ജമായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഴപ്രവചനത്തിന്‍റെ പശ്ചാത്തലത്തില്‍ നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയം, നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നിരവധി യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസത്തിലുണ്ടായ മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ച പ്രദേശങ്ങളെ പ്രത്യേകമായെടുത്ത് അവിടേക്ക് വേണ്ട മുന്‍കരുതല്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനും അധികൃതര്‍ക്ക് സാധിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ടീമുകള്‍ മുന്‍തൂക്കം നല്‍കിയത്. വീടുകളിലേക്കും മറ്റും വെള്ളം കയറാതെ നോക്കുന്നതിന് മണല്‍ ചാക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധന സംവിധാനങ്ങള്‍ ഈ ടീമുകള്‍ ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം മോശമല്ലാത്ത രീതിയല്‍ മഴ പെയ്തിട്ടും വീടുകളില്‍ വെള്ളം കയറുകയോ വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്ത വ്യാപക സംഭവങ്ങള്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.