Gulf

കുവൈറ്റ് പ്രവാസികള്‍ക്ക് ആശ്വാസം; ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

Published

on

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ ആശ്വാസകരമായ നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

ഇതനുസരിച്ച്, പൗരന്മാര്‍ക്ക് ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകാനുള്ള സമയപരിധി 2024 സെപ്റ്റംബര്‍ 30 ലേക്ക് മാറ്റി. അതേസമയം പ്രവാസികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകക്കാന്‍ ഈ വര്‍ഷം ഡിസംബര്‍ 30 വരെ സമയമുണ്ട്. ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക സ്ഥലങ്ങളും പ്രവര്‍ത്തന സമയവും നേരത്തേ പ്രഖ്യാപിച്ചതാണെന്ന് മന്ത്രാലയം വിശദീകരിച്ചു. ഈ സേവനങ്ങള്‍ വ്യക്തിഗത അന്വേഷണ വകുപ്പുകളിലെ ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, സാഹില്‍ ആപ്പ് വഴിയോ മെറ്റ പ്ലാറ്റ്ഫോം വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ബയോമെട്രിക് കേന്ദ്രങ്ങളില്‍ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യാതെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ സേവനം ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ സെന്‍ട്രല്‍ ബയോമെട്രിക് ഡാറ്റാബേസിനായി വിരലടയാളം ശേഖരിക്കുന്ന പദ്ധതി ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനുള്ളവരുടെ തിരക്കു കാരണം ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ബുക്കിംഗ് തീയതി ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കാനുള്ള തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്.

നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക് രജിസ്ട്രേഷന്‍ സെന്ററുകളില്‍ നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്കായി വീടുകളില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും നടപ്പിലാക്കിയിരുന്നു. രോഗികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കു വേണ്ടിയായിരുന്നു ഇത്. നിലവില്‍ ബയോമെട്രിക് രജിസ്ട്രേഷനു വേണ്ടി മാത്രം ആറ് പ്രത്യേക സെന്ററുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ, രാജ്യത്തെ നാല് മാളുകളിലും ഈ സേവനം ലഭ്യമാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, വിമാനത്താവളം, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലും ബയോമെട്രിക് രജിസ്ട്രേഷനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന്‍ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം സ്വീകരിച്ചിട്ടും ഇനിയും ഏറെ പേര്‍ രജ്‌സിറ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.

ബയോമെട്രിക് രജിസ്ട്രേഷന്റെ ഭാഗമായി വിരലടയാളം എടുക്കുന്നതിനു പുറമെ, കണ്ണും മുഖവും സ്‌കാന്‍ ചെയ്യും. മുഖത്തിന്റെ ഫോട്ടോ എടുക്കുന്നതോടൊപ്പം ഡിജിറ്റല്‍ സിഗ്‌നേച്ചറും രേഖപ്പെടുത്തും. രാജ്യത്തെ മുഴുവന്‍ പൗരന്‍മാരുടെയും താമസക്കാരുടെയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉതകുന്ന ബയോമെട്രിക് സംവിധാനം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് പിടികൂടപ്പെട്ട് രാജ്യത്തില്‍ നിന്ന് നാടുകടത്തപ്പെട്ടവര്‍ വ്യാജ പാസ്പോര്‍ട്ടുകളും രേഖകളും ഉപയോഗിച്ച് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങളെല്ലാം താല്‍ക്കാലികമായി തടഞ്ഞുവയ്ക്കപ്പെടുമെന്ന് മന്ത്രാലയം അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ വിസ നടപടികള്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ തടസ്സപ്പെടും. നിലവില്‍ രാജ്യത്തിന് പുറത്തുള്ള ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ തടസ്സമില്ലെന്നും എന്നാല്‍ അവര്‍ രാജ്യത്തെത്തിയ ഉടന്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതിനു ശേഷം മാത്രമേ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version