തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ. പ്രവാസികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് ഈ തീരുമാനം എത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ, എത്തിഹാദ്, ഒമാൻ എയർലൈൻസുകളാണ് സർവീസ് നടത്തുന്നത്. ഒക്ടോബർ മുതലാണ് ഒമാൻ എയർ മസ്കറ്റിലേക്ക് പ്രതിദിന സർവീസ് തുടങ്ങുന്നത്.
അടുത്ത വർഷം ജനുവരി മുതൽ അബുദാബിയിലേക്ക് എത്തിഹാദ് ആഴ്ചയിൽ അഞ്ച് സർവീസ് നടത്തും. ഇതിലൂടെ നേരത്തേ തിരുവനന്തപുരത്തുനിന്നുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കുകയാണ് ഇത്തിഹാദ്. യൂറോപ്പിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നതിന് എയർ ഇന്ത്യ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാലു ദിവസം ദോഹയിലേക്ക് തിരുവനന്തപുരത്ത് നിന്നും സർവീസ് നടത്തുന്നുണ്ട്. മലേഷ്യൻ എയർവേയ്‌സ് ക്വലാലംപുരിലേക്കാണ് സർവീസ് നടത്തുന്നത്. ഇതിന് വേണ്ടിയുള്ള ബുക്കിങ് തുടങ്ങി. നവംബർ മുതൽ ക്വലാലംപുരിലേക്ക് തിരുവനന്തപുരത്ത് നിന്നും സർവീസ് നടത്തും.
എയർ ഏഷ്യയുമായുള്ള ലയനശേഷം എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം വിമാനത്താവളം ഇനി അവരുടെ ഒരു പ്രധാന ഹബ്ബായി മാറ്റുമെന്നാണ് സൂചന. ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സർവീസ് നടത്തും. മൂന്നു മാസത്തിനുള്ളിൽ ഇത്തരത്തിൽ സർവീസ് നടത്താനുളള ചർച്ചകൾ എല്ലാം ആരംഭിക്കും എന്നാണ് സൂചന.
വിസ്താര, ആകാശ എയർവേയ്‌സ് എന്നീ വിമാന കമ്പനികൾ സർവീസ് ആരംഭിക്കുന്നതോടെ ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്നും ടിക്കറ്റ് നിരക്ക് കുറയും. ഇൻഡിഗോ മാത്രമാണ് ഇപ്പോൾ ദിവസവും സർവീസ് നടത്തുന്നത്. സ്പൈസ് ജെറ്റ് ആഴ്ചയിൽ ഒരു സർവീസ് നടത്തുന്നുണ്ട്.
ഡൽഹി, മുംബൈ റൂട്ടുകളിലേക്ക് കൂടുതൽ സർവീസുകൾ വരും. അതിനാൽ ടിക്കറ്റ് നിരക്കും കുറയും. കൊളംബോയിലേക്ക് ആഴ്ചയിൽ ആറ് സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർവേയ്‌സ് ഉടൻതന്നെ പുതിയൊരു സർവീസ് തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്താൻ ഇൻഡിഗോയുമായും വിമാനത്താവള അധികൃതർ ചർച്ചനടത്തുണ്ട്. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് വിസ്താര എയർലൈൻസ് ദിവസവും സർവീസ് നടത്തുന്നുണ്ട്. മുംബൈയിലേക്ക് വിസ്താരയുടെ രണ്ടാമത്തെ സർവീസാണിത്. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം ഏഴാകും. രാവിലെ 8.30-ന് തിരുവനന്തപുരത്തുനിന്നാണ് വിമാനം പുറപ്പെടുക. 10.45-ന് മുംബൈയിൽ വിമാനം എത്തും.