Gulf

സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്കുള്ള റഫറലുകള്‍ ഇനി പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം

Published

on

ദോഹ: ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റ് ഷെഡ്യൂളിംഗും അതുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും മെച്ചപ്പെടുത്താന്‍ പുതിയ നടപടികളുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി). ഇതുപ്രകാരം സ്വകാര്യ ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ നേരിട്ട് ആശുപത്രിയിലേക്ക് റഫലുമായി വരേണ്ടതില്ല പകരം, ഇനിമുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിച്ച റഫറല്‍ ലെറ്ററുകള്‍ ഹമദ് ആശുപത്രി വെബ്സൈറ്റിലെ നെസ്മക് പേഷ്യന്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മതിയാകും.

ഇങ്ങനെ അപ്ലോഡ് ചെയ്യപ്പെടുന്ന റഫറല്‍ ലെറ്ററുകള്‍ എച്ച്എംസി ബുക്കിംഗ് മാനേജ്മെന്റ് ടീം വിശദമായി പരിശോധിച്ച ശേഷം ഷെഡ്യൂളിംഗും അനുബന്ധ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യും. രോഗിയുടെ നിലയും രോഗത്തിന്റെ സ്വഭാവവും അനുസരിച്ച്, അനുയോജ്യമായ തീയതിയും സമയവും ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും. അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്തുകഴിഞ്ഞാല്‍, രോഗിയെ തീയതിയും സമയവും എസ്എംഎസ് വഴി അറിയിക്കുമെന്നും ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി.

അതേസമയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ഇലക്ട്രോണിക് റഫറലുകള്‍ നേരിട്ട് എച്ച്എംസിയിലേക്ക് അയയ്ക്കുകയും സ്വയമേവ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന നിലവിലെ രീതി തുടരും. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ എടുത്ത അപ്പോയിന്റ്‌മെന്റ് ഏതെങ്കിലും കാരണത്താല്‍ മാറ്റുന്നതിനോ റദ്ദാക്കുന്നതിനോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നെസ്മക് ഹോട്ട്ലൈന്‍ നമ്പറായ 16060ലേക്ക് വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഈ സംവിധാനം ഇപ്പോള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും നടപ്പിലാക്കുമെന്നും എച്ച്എംസിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

എച്ച്എംസിയുടെ ഏപ്രിലിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം 208,688 ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകള്‍ ആശുപത്രികളുടെ ശൃംഖലയിലുടനീളം രേഖപ്പെടുത്തിയിട്ടുണ്ട്. നെസ്മക് പോര്‍ട്ടല്‍ വഴി മാത്രം ആശുപത്രി ചികിത്സയുമായി ബന്ധപ്പെട്ട 1,09,939 ഇന്‍കമിംഗ്, ഔട്ട് ഗോയിംഗ് കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ സെന്റര്‍ ഫോര്‍ പേഷ്യന്റ് എക്‌സ്പീരിയന്‍സ് ആന്‍ഡ് സ്റ്റാഫ് എന്‍ഗേജ്മെന്റ് 2022-ല്‍ റഫറല്‍ ആന്‍ഡ് ബുക്കിംഗ് മാനേജ്മെന്റ് സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി രോഗികള്‍ക്കുള്ള സേവനങ്ങളില്‍ വലിയ പുരോഗതിയുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് റഫറലുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ എത്തുന്ന ഒരു രോഗിക്ക് ഏഴ് ദിവസത്തെ സമയപരിധിക്കുള്ളില്‍ തന്നെ ആദ്യ അപ്പോയിന്റ്മെന്റ് ലഭിക്കത്തക്ക വിധത്തില്‍ ഷെഡ്യൂളിംഗ് വേഗത്തിലാക്കാനായി. എച്ച്എംസി കണക്കുകള്‍ പ്രകാരം 2022 ഫെബ്രുവരിയില്‍ 3,315 ആയിരുന്നു റഫലുകള്‍ വഴി ആശുപത്രിയില്‍ എത്തുന്ന കേസുകള്‍. എന്നാല്‍ 2024 ജനുവരിയില്‍ അത് 10,723 ആയി ഉയര്‍ന്നു. 224 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായത്. ഏഴ് ദിവസത്തിനകത്ത് അപ്പോയിന്റ്‌മെന്റുകള്‍ നല്‍കാന്‍ കഴിയാത്ത രോഗികളുടെ കാര്യത്തില്‍ വലിയ കുറവും ഇക്കാലയളവില്‍ ഉണ്ടായി. ഇത്തരം കേസുകള്‍ 2022 ഒക്ടോബറില്‍ 93,109 ആയിരുന്നത് 2024 ജനുവരിയില്‍ 27,754 ആയി കുറഞ്ഞു. 70 ശതമാനം കുറവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version