ജിദ്ദ: കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജിദ്ദയിലും മക്ക നഗരത്തിലും മക്ക മേഖലയിലെ അഞ്ച് ഗവര്‍ണറേറ്റുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അല്‍കാമില്‍, അല്‍ജമൂം, ബഹ്‌റ എന്നിവിടങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒരു മണി വരെയാണ് അലര്‍ട്ട്.
മഴയെതുടര്‍ന്ന് ജിദ്ദയിലും മക്കയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവര്‍ണറേറ്റുകളിലും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയ്ക്ക് പുറമേ ശക്തമായ കാറ്റ്, ആലിപ്പഴ വര്‍ഷം, പേമാരി, ഇടിമിന്നല്‍ എന്നിവ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.
സൗദിയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. രാജ്യത്തുടനീളം അടുത്ത ആഴ്ച പകുതി വരെ മഴ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കിഴക്കന്‍ മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടുണ്ട്.
റോഡുകളില്‍ ദൃശ്യപരത കുറയുമെന്നതിനാല്‍ വാഹനയാത്രക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡുകള്‍, താഴ്ന്ന പ്രദേശങ്ങള്‍, താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അപകടസാധ്യതയുള്ളതിനാല്‍ നീന്താന്‍ പോകരുതെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.