Gulf

റൗദ ശരീഫ് സന്ദര്‍ശനം വര്‍ഷത്തില്‍ ഒരു തവണ മാത്രം; സമയം 10 മിനിറ്റാക്കി കുറച്ചു

Published

on

മദീന: പ്രവാചകന്‍റെ അന്ത്യവിശ്രമ സ്ഥാനമായ മദീനയിലെ റൗദ ഷരീഫിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന സമയത്തിലും തവണയിലും നിയന്ത്രണം. പുതിയ തീരുമാനം അനുസരിച്ച് 10 മിനിറ്റ് മാത്രമേ റൗദ ശരീഫില്‍ ചെലവഴിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. സന്ദര്‍ശകര്‍ക്ക് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമ സ്ഥാനം സന്ദര്‍ശിക്കാനുള്ള അനുമതി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി ചുരുക്കിയതായും ഗ്രാന്‍ഡ് മോസ്‌കിന്‍റെയും പ്രവാചകന്‍റെപള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനായുള്ള ജനറല്‍ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കി.

നുസുക്ക് ആപ്ലിക്കേഷന്‍ വഴി മുന്‍കൂര്‍ ബുക്ക് ചെയ്ത് പെര്‍മിറ്റ് എുത്തവര്‍ക്ക് മാത്രമായിരിക്കും റൗദ ശരീഫില്‍ പ്രവേശനം അനുവദിക്കുക. അതേസമയം, നേരത്തേ പെര്‍മിറ്റ് എടുത്തവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ അപ്പോയിന്‍റ്മെന്‍റ് സമയത്ത് എത്താന്‍ സാധിക്കാത്ത പക്ഷം പരമാവധി നേരത്തേ പെര്‍മിറ്റ് കാന്‍സല്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആ സ്ലോട്ടില്‍ മറ്റൊരാള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അവസരം ലഭിക്കുന്നതിനു വേണ്ടിയാണിത്. ലഭിച്ച പെര്‍മിറ്റിന്‍റെ സമയത്ത് എത്താന്‍ സാധിക്കാത്ത വ്യക്തി തന്‍റെ പെര്‍മിറ്റ് റദ്ദാക്കാത്ത പക്ഷം, അയാളുടെ ആ വര്‍ഷത്തെ ക്വാട്ട അവസാനിക്കും. പിന്നീട് ഒരു വര്‍ഷം തികയുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് വീണ്ടും പെര്‍മിറ്റ് ലഭിക്കൂ എന്നും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

നുസുക് അപേക്ഷയിലൂടെ പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ്, റൗദ ശെരീഫിനുള്ളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തീര്‍ഥാടകര്‍ അംഗീകരിക്കേണ്ടത് ആവശ്യമാണെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുന്നതിനായി സന്ദര്‍ശന സമയം 10 മിനുട്ട് മാത്രമായി ചുരുക്കിയ സാഹചര്യത്തില്‍ പെര്‍മിറ്റ് ബുക്കുചെയ്യുമ്പോള്‍ കൃത്യമായ അപ്പോയിന്‍റ്മെന്‍റ് സമയം രേഖപ്പെടുത്തുകയും സമയക്രമം കൃത്യമായി പാലിക്കുകയും വേണം.

പെര്‍മിറ്റില്‍ അനുവദിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് റൗദ ശരീഫില്‍ എത്തണം. അതേസമയം, കൃത്യസമയം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് സന്ദര്‍ശകര്‍ അപ്പോയിന്‍റ്മെന്‍റ് സമയത്തിന് അര മണിക്കൂര്‍ മുമ്പെങ്കിലും മസ്ജിദുന്നബവിയുടെ പരിസരത്ത് ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അപ്പോയിന്‍റ്മെന്‍റിനായി നുസുക് ആപ്പിലെ ബാര്‍കോഡ് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദിഷ്ട സമയത്ത് റിപ്പോര്‍ട്ടിങ് പാലിക്കണമെന്നും ഗേറ്റില്‍ പ്രവേശിക്കുമ്പോള്‍ ബാര്‍കോഡ് കാണിക്കുന്നത് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ബാര്‍ കോഡ് കാണിക്കാതെ റൗദ ശരീഫിനകത്തേക്ക് പ്രവേശനം സാധ്യമല്ലെന്നും അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version