Sports

രഞ്ജി ട്രോഫി: കേരളം 243ന് പുറത്ത്, ഉത്തര്‍പ്രദേശിന് 59 റണ്‍സ് ലീഡ്

Published

on

ആലപ്പുഴ: ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം ഓള്‍ഔട്ടായി. ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് 243 റണ്‍സിന് അവസാനിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് 59 റണ്‍സിന്റെ ലീഡ് നേടി. ഉത്തര്‍പ്രദേശിന് വേണ്ടി അങ്കിത് രജ്പുത്ത് അഞ്ച് വിക്കറ്റുമായി തിളങ്ങി. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും വീഴ്ത്തി.

ആറിന് 220 റണ്‍സെന്ന നിലയില്‍ ഉത്തര്‍ പ്രദേശിന്റെ 302 റണ്‍സ് ഒന്നാം ഇന്നിങ്ങ്സ് സ്കോർ പിന്തുടരാനിറങ്ങിയ കേരളത്തിന് മൂന്നാം ദിനം ആദ്യ ഇന്നിങ്ങ്സ് സ്കോറിനോട് 23 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഇതിനിടെ കേരളത്തിന്റെ ബാക്കി നാല് വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. തുടക്കം തന്നെ ശ്രേയസ് ഗോപാലിനെ പുറത്താക്കി അങ്കിത് രജ്പൂത് വിക്കറ്റ് വേട്ട ആരംഭിച്ചു. രണ്ടാം ദിനത്തിലെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ ശ്രേയസ് മടങ്ങി. 88 പന്തില്‍ നിന്ന് 36 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം.

തൊട്ടുപിന്നാലെ ജലക് സക്‌സേനയ്ക്കും മടങ്ങേണ്ടി വന്നു. 28 പന്തില്‍ നിന്ന് വെറും ഏഴ് റണ്‍സെടുത്ത സക്‌സേനയെയും മടക്കി രജ്പൂത് കരുത്തുകാട്ടി. ബേസില്‍ തമ്പിക്കും (2) വൈശാഖ് ചന്ദ്രനും (5) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഇരുവരെയും അങ്കിത് രജ്പൂത് കൂടാരം കയറ്റിയതോടെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു.15 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എം ഡി നിധീഷാണ് കേരളത്തിന്റെ സ്‌കോര്‍ 243ലേക്ക് എത്തിച്ചത്.

രണ്ടാം ദിനം അഞ്ചിന് 244 എന്ന സ്‌കോറില്‍ നിന്നായിരുന്നു ഉത്തര്‍പ്രദേശ് ബാറ്റിംഗ് പുനഃരാരംഭിച്ചത്. രാവിലത്തെ സെഷനില്‍തന്നെ ഉത്തര്‍പ്രദേശിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. 58 റണ്‍സ് മാത്രമാണ് രണ്ടാം ദിനം ഉത്തര്‍പ്രദേശ് കൂട്ടിച്ചേര്‍ത്തത്. റിങ്കു സിംഗ് 92ഉം ധ്രുവ് ജുറേല്‍ 63ഉം റണ്‍സെടുത്ത് പുറത്തായി.

ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി വിഷ്ണു വിനോദ് 74 റണ്‍സെടുത്തു. 94 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമുള്‍പ്പടെയുള്ള വിഷ്ണുവിന്റെ ഇന്നിംഗ്‌സാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. സച്ചിന്‍ ബേബി 38ഉം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 35ഉം റണ്‍സെടുത്ത് പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version