അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ വെലാര്‍ കാര്‍ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്. ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശി കപാഡിയ ഹുസൈനി ഗുലാം അലി ആണ് വിജയി.
ഡിസംബര്‍ 31ന് നടന്ന ഡ്രീം കാര്‍ റാഫിള്‍ ഡ്രോയില്‍ 013317 ടിക്കറ്റ് നമ്പറിലൂടെയാണ് ഭാഗ്യമെത്തിയത്. ദുബായില്‍ നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ബിസിനസ് ചെയ്യുകയാണ് ഗുലാം അലി.
ഇത് രണ്ടാം തവണയാണ് ആഡംബര കാര്‍ ഗുലാം അലിക്ക് സമ്മാനമായി ലഭിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് മറ്റൊരു റാഫിള്‍ ഡ്രോയിലൂടെ മെഴ്സിഡസ് കാര്‍ ലഭിച്ചിരുന്നു. മനോഹരമായ റേഞ്ച് റോവര്‍ കൂടി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് സംഘാടകരോട് പറഞ്ഞു.
ഇപ്പോള്‍ ലഭിച്ച കാര്‍ വില്‍ക്കാനാണ് ഗുലാം അലിയുടെ പദ്ധതി. കാര്‍ വിറ്റ് ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം തന്റെ ബിസിനസില്‍ നിക്ഷേപിക്കാനും കുറച്ച് പണം വിവാഹത്തിനായി മാറ്റിവയ്ക്കാനും ഉദ്ദേശിക്കുന്നു. പുതിയ റേഞ്ച് റോവറിന് 311,220 ദിര്‍ഹം (70,35,964 രൂപ) ആണ് വിലയെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
ബിഗ് ടിക്കറ്റിന്റെ അടുത്ത ഡ്രീം കാര്‍ നറുക്കെടുപ്പ് മാര്‍ച്ച് മൂന്നിനാണ്. ജനുവരി മാസത്തില്‍ ഉടനീളം ടിക്കറ്റുകള്‍ വാങ്ങാം. ആഡംബര കാര്‍ മസെരാട്ടി ഗ്രെക്കല്‍ ആണ് അടുത്ത വിജയിയെ കാത്തിരിക്കുന്നത്.
ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.