Gulf

എഎഫ്‌സി കപ്പ് ടൂര്‍ണമെന്റിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

Published

on

ദോഹ: വിജയകരമായ ഫിഫ ലോകകപ്പിന്റെ സംഘാടനത്തിന് ശേഷം മറ്റൊരു മെഗാ ടൂര്‍ണമെന്റിന് ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടൂര്‍ണമെന്റിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

സിംഗിള്‍ മാച്ച് ടിക്കറ്റ്, ഫേവറൈറ്റ് ടീം പാക്കേജുകള്‍ ഉള്‍പ്പെടെ വിവിധ പാക്കേജുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 25 റിയാലാണ് ടിക്കറ്റ് നിരക്ക്. ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഘട്ടം ഘട്ടമായി പുറത്തിറക്കുമെന്ന് ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി അറിയിച്ചു.

2022 ലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറിയ ഏഴെണ്ണം ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങളാണ് ടൂര്‍ണമെന്റിന്റെ ഭാഗമായി നടക്കുക. സംഘാടക സമിതിയുടെ വെബ്‌സൈറ്റ് വഴിയും എഎഫ്‌സി വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 24 രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ ടീമുകള്‍ മാറ്റുരയ്ക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന്റെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ആതിഥേയ രാജ്യമായ ഖത്തര്‍.

അതിനിടെ, എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ മത്സരങ്ങള്‍ കാണാനായി രാജ്യത്തെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മിതമായ നിരക്കില്‍ വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രാദേശിക സംഘാടക സമിതി അറിയിച്ചു. ഫിഫ ലോകകപ്പിനായി ഒരുക്കിയ സൗകര്യങ്ങള്‍ ഇവര്‍ക്കായി ഉപയോഗപ്പെടുത്തും. ഫുട്‌ബോള്‍ ആരാധകര്‍ക്കായി നിരവധി സംഗീത, വിനോദ പരിപാടികള്‍ ടൂര്‍ണമെന്റ് ദിനങ്ങളില്‍ ഖത്തര്‍ ടൂറിസം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version