ദോഹ: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ വരുത്തിയ ശേഷം രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ ഖത്തര്‍ പോലീസ് പിടികൂടി. പ്രതിയുടെ കാര്‍ കണ്ടുകെട്ടിയ ശേഷം യന്ത്രത്തിലിട്ട് പൊടിച്ചുകളയുന്നതിന്റെ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിടുകയും ചെയ്തു.
അമിത വേഗത, അശ്രദ്ധമായി വാഹനമോടിക്കല്‍, പൊതുനിരത്തില്‍ വാഹനാഭ്യാസ പ്രകടനം, മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിക്കല്‍, അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
പ്രധാന റോഡില്‍ മറ്റു വാഹനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കെയാണ് യുവാവ് ലാന്റ് ക്രൂയിയര്‍ കാറുമായി അഭ്യാസം നടത്തിയത്. അമിത വേഗത്തിലും അശ്രദ്ധമായും ട്രാക്കുകള്‍ തെറ്റിച്ചും കാര്‍ നീങ്ങുന്നത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ കാണാം. ട്രക്കുമായി കൂട്ടിയിടിച്ച ശേഷമാണ് വാഹനം നില്‍ക്കുന്നത്. പിന്നീട് യുവാവ് അപകടം വരുത്തിയ കാറുമായി സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു.
സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്റെ കാര്‍ കണ്ടുകെട്ടാന്‍ കോടതി വിധിച്ചു. ഇതേ തുടര്‍ന്നാണ് കൂറ്റന്‍ കണ്ടെയ്നറിലിട്ട് കാര്‍ തടവിടുപൊടിയാക്കിയത്.