Gulf

ഖത്ത‍ർ എക്സ്പോ 2023; വളണ്ടിയറിങ്ങിന് അപേക്ഷിച്ചത് നാപ്പതിനായിരത്തിലധികം പേർ

Published

on

ദോഹ: ഖത്തറില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28വരെ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2023ൻ്റെ വളണ്ടിയറാകാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തത് 40,000ത്തിലധികം പേര്‍ . ഓഗസ്റ്റ് മൂന്നിനാണ് വളണ്ടിയര്‍മാര്‍ക്കായുള്ള അപേക്ഷ ക്ഷണിച്ചത്. ഖത്തര്‍ നേതൃത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റാണ് ഖത്തര്‍ എക്‌സ്‌പോ 2023. 2,200 വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുമെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നു.

അപേക്ഷ സമർപ്പിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കും വളണ്ടിയർമാരാവുക. അപേക്ഷകള്‍ പരിശോധിച്ച ശേഷം ഇന്റവ്യൂ നടത്തും. ഇതിലുടെ തെരഞ്ഞെടുക്കപ്പെട്ടാല്‍ വളണ്ടിയർമാർക്ക് നിശ്ചിത റോളുകള്‍ നല്‍കും. എക്‌സ്‌പോ തുടങ്ങുന്നതിന് മുന്‍പ് പരിശീലനവും നല്‍കും. വളണ്ടിയര്‍മാര്‍ക്ക് യൂണിഫോമുകളും വിതരണം ചെയ്യും.

ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തനം. ഒരാള്‍ 45 ഷിഫ്റ്റുകള്‍ പൂര്‍ത്തീകരിക്കണം. സാധാരണയായി ആറ് മണി മുതല്‍ എട്ട് മണിവരെയാണ് പ്രവര്‍ത്തന സമയം.

എക്‌സ്‌പോ 2023 ദോഹ വോളണ്ടിയർമാരാകാൻ ആഗ്രഹിക്കുന്ന അപേക്ഷകർ സെപ്‌റ്റംബർ 1-ന് കുറഞ്ഞത് 18 വയസ് പ്രായമുള്ളവരായിരിക്കണം. അപേക്ഷകർ ആറു മാസത്തില്‍ എട്ട് ദിവസം വരെ സന്നദ്ധസേവനം നടത്താന്‍ തയ്യാറായിരിക്കണം. അപേക്ഷകർ ഖത്തറില്‍ താമസിക്കുന്നവരും നല്ല വ്യക്തിത്വം ഉള്ളവരും ആയിരിക്കണം. വിദേശത്തുള്ളവര്‍ക്കും വളണ്ടിയറിങ്ങിനായി അപേക്ഷിക്കാവുന്നതാണ്. ആറുമാസത്തേക്ക് ഖത്തറില്‍ താങ്ങാന്‍ യോഗ്യതയുള്ളവരും വിസ ലഭിക്കുന്നവരും ആയിരിക്കണം. വിസ, യാത്ര, താമസം എന്നിവ എക്‌സ്‌പോ 2023 നല്‍കുന്നില്ലെന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എക്‌സ്‌പോ വളണ്ടിയ‍ർമാരാകാൻ താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://www.dohaexpo2023.gov.qa/en/take-part/volunteer-programme/ എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റിൽ കയറിയ ശേഷം അപേക്ഷകൻ്റെ പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, പാസ് വേഡ് ജനന തീയതി, നാഷ്നാലിറ്റി, കൺട്രി റെസിഡൻസ് എന്നീ വിവരങ്ങൾ നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.

കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോയ്ക്ക് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം വേദിയൊരുക്കുന്നത്. മരുഭൂമിയുടെ മണ്ണില്‍ മേളയെത്തുമ്പോള്‍ പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ സന്ദേശവുമെല്ലാം പ്രധാനമായി മാറും. അല്‍ ബിദ്ദ പാര്‍ക്ക് വേദിയാകുന്ന ദോഹ എക്‌സ്‌പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഇടമാണ് ഒരുക്കുന്നത്. പാര്‍ക്കിലെ എക്‌സ്‌പോ വേദിയില്‍ മൂന്നു മേഖലകളിലായി തിരിച്ചായിരിക്കും വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ക്രമീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version