ദോഹ: കഴിഞ്ഞ ആഴ്ചയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കാൽലക്ഷത്തിലേറെ പേർ മരിക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്ത തുർക്കിയിൽ ആശ്വാസമായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി. ഇന്ന് രാവിലെയാണ് ഖത്തർ അമീർ തുർക്കിയിലേക്ക് തിരിച്ചത്. തുർക്കിയിലെത്തിയ ഖത്തർ അമീർ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ചയും നടത്തി.
ഭൂകമ്പത്തിനിരയായവരുടെ പുനരധിവാസത്തിനായി എല്ലാവിധ സഹായങ്ങളും ഖത്തർ അമീർ തുർക്കി പ്രസിഡിന്റിന് വാഗ്ദാനം ചെയ്തു. ദുരന്ത വേളയിൽ രാജ്യത്തിന്റെയും ജനങ്ങളുടെയും പൂർണ പിന്തുണയും പ്രാർഥനകളും തുർക്കിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഖത്തർ ഭരണകൂടവും ജനങ്ങളും നൽകിയ സഹായത്തിനും പിന്തുണയ്ക്കും തുർക്കി പ്രസിഡന്റ് ഖത്തർ അമീറിനെ നന്ദി അറിയിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. തുർക്കിയുമായുള്ള സാഹോദര്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദുരന്ത വേളയിലെ ഖത്തർ അമീറിന്റെ തുർക്കി സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. തുർക്കിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഗൾഫ് മേഖലയിലെ രാജ്യമാണ് ഖത്തർ. 2017ലെ അറബ് ഉപരോധത്തെ ചെറുക്കുന്നതിൽ തുർക്കിയുടെ പങ്കും സഹായവും ഖത്തറിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു.
ഭുകമ്പം ഉണ്ടായതിനു പിന്നാലെ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വെള്ളിയാഴ്ച വൈകുന്നേരം ഔൺ വ സനദ് (സഹായവും പിന്തുണയും) കാമ്പയിനിന്റെ ഭാഗമായി 50 ദശലക്ഷം ഖത്തർ റിയാൽ തുർക്കിക്ക് സംഭാവന നൽകിയിരുന്നു. അതിനു പുറമെ, ഖത്തർ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം പത്ത് ദശലക്ഷം റിയാലും നൽകുകയുണ്ടായി. കാമ്പെയ്ൻ പ്രഖ്യാപിക്കപ്പെട്ട ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ 70 ദശലക്ഷം ഖത്തർ റിയാൽ സംഭാവനയായി എത്തിയിരുന്നു. ഖത്തർ മീഡിയ കോർപ്പറേഷൻ, ഖത്തർ ടിവി, ചാരിറ്റബിൾ ആക്ടിവിറ്റീസ് റെഗുലേറ്ററി അതോറിറ്റി, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പെയ്ൻ നടക്കുന്നത്. സാമ്പത്തിക സഹായത്തിനു പുറമെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖവിയ്യയുടെ ഒരു സേർച്ച് ആന്റ് റെസ്ക്യൂ ടീമിനെയും 10,000 മൊബൈൽ വീടുകളും ഖത്തർ തുർക്കിയിൽ എത്തിച്ചിരുന്നു. ഫീൽഡ് ഹോസ്പിറ്റലുകൾ, ദുരിതാശ്വാസ സഹായം, മറ്റ് അവശ്യ രക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ടെന്റുകളാൽ സജ്ജീകരിച്ച ഒരു എയർ ബ്രിഡ്ജ് ആരംഭിക്കുകയും ചെയ്തിരുന്നു.
അതിനിടെ, 29,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ട തിങ്കളാഴ്ചത്തെ മാരകമായ ഭൂകമ്പത്തെത്തുടർന്ന് തുർക്കിക്കും സിറിയയ്ക്കും ആവശ്യമായ സഹായം നൽകുന്നതിൽ ഖത്തർ നൽകിയ സംഭാവനകളെ അമേരിക്ക പ്രശംസിച്ചു. ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഖത്തറിന്റെ സഹായങ്ങളെ അവിശ്വസനീയമായ ഔദാര്യമെന്ന് യുഎസ് പ്രതിനിധി പ്രശംസിച്ചത്. ഇക്കാര്യത്തിൽ ഖത്തർ മുന്നോട്ടുവച്ചത് മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.