ദോഹ: ഒക്ടോബര്‍ ഏഴിന് നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് പിടികൂടി ബന്ദികളാക്കിയ 200ലേറെ പേരില്‍ രണ്ട് അമേരിക്കന്‍ പൗരന്‍മാരെ ഖത്തറിന്റെ മധ്യസ്ഥതയില്‍ മോചിപ്പിച്ചതിനു പിന്നാലെ കൂടുതല്‍ പേരുടെ മോചനത്തിനായി ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഫലസ്തീനും ഇസ്രായേലും തമ്മില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തറും മറ്റ് പ്രാദേശിക, ആഗോള ശക്തികളും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഒരു അമേരിക്കന്‍ സ്ത്രീയെയും അവരുടെ മകളെയും ഹമാസ് വിട്ടയച്ചത്. ഇതേമാതൃകയില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ഇരുവിഭാഗവുമായും നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ അതികര്‍ത്തി കടന്ന് ഹമാസ് നടത്തിയ സൈനിക ഓപ്പറേഷനില്‍ 200 ഓളം ഇസ്രായേലികളെയും പാശ്ചാത്യ പൗരന്മാരെയും പിടികൂടി ബന്ദികളാക്കിയിരിക്കുകയാണ്. നിരവധി ഇസ്രായേല്‍ സൈനികകരെയും ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിനു മേല്‍ ബന്ദികളുടെ കുടുംബങ്ങളില്‍ നിന്നും വിദേശ ഭരണകൂടങ്ങൡ നിന്നും ശക്തമായ സമ്മര്‍ദ്ദം നിലവിലുണ്ട്.
അതേസമയം, ഹമാസ് ബന്ദികളാക്കിയ സിവിലിയന്‍മാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഖത്തര്‍ ആദ്യ ഘട്ടത്തില്‍ നടത്തുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. അമേരിക്കന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് രണ്ട് യുഎസ് പൗരന്‍മാരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഖത്തര്‍ നേതൃത്വം നല്‍കിയതെന്നും അല്‍ അന്‍സാരി പറഞ്ഞു. അതിനിടെ, ഹമാസ് തടവിലാക്കിയ രണ്ടു പേരെ മാനുഷിക കാരണങ്ങളാല്‍ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചിരുന്നുവെങ്കിലും ഇസ്രായേല്‍ അവരെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഹമാസിന്റെ ഈ വാദം പബ്ലിസിറ്റിക്കു വേണ്ടിയുള്ള തന്ത്രമാണെന്നാണ് ഇസ്രായേലിന്റെ പക്ഷം.
ഹമാസിന്റെ പിടിയിലിരിക്കുന്ന കൂടുതല്‍ തടവുകാരെ മോചിപ്പിക്കാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ രഹസ്യ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ഇസ്രായേലിന് മേല്‍ യുഎസും യൂറോപ്യന്‍ സര്‍ക്കാരുകളും നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ വിട്ടയക്കുന്നതിനു പകരം ഗസയ്‌ക്കെതിരായ കര ആക്രമണം വൈകിപ്പിക്കണമെന്നാണ് ഇവര്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദ്ദേശം.