Sports

മെസിക്ക് ബാലൺ ഡിഓർ കിട്ടാൻ പിഎസ്ജി ചില മോശം കളികൾ നടത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Published

on

അർജന്റൈൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് (Lionel Messi) ബാലൻ ഡി ഓർ (Ballon D’or) പുരസ്‌കാരം ലഭിക്കുന്നതിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ പി എസ് ജി വഴിവിട്ട കളികൾ നടത്തി എന്ന് റിപ്പോർട്ട്. ഒരു ഫ്രഞ്ച് മാധ്യമമാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 2023 ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസിക്കായിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം മെസിയുടെ കൈകളിൽ എട്ടാം തവണയും എത്തി. ബാലൺ ഡി ഓർ പുരസ്‌കാരം ഏറ്റവും കൂടുതൽ നേടിയ റെക്കോഡ് അർജന്റൈൻ താരം പുതുക്കുകയും ചെയ്തു.

2021 ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസിക്ക് സ്വന്തമാക്കാൻ പി എസ് ജി വഴിവിട്ട കാര്യങ്ങൾ ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. 2021 ബാലൺ ഡി ഓർ പ്രഖ്യാപിക്കുന്നതിനു മുമ്പായി പി എസ് ജി ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസിൽ വിവിധ മത്സരങ്ങളുടെ വി ഐ പി ടിക്കറ്റ്, പി എസ് ജി ടീമിന്റെ ഔദ്യോഗിക സ്‌പോൺസർമാരായ ഖത്തർ എയർവെയ്‌സിന്റെ ബിനിനസ് ഫ്‌ളൈറ്റ് കുടങ്ങിയവ ഉൾപ്പെടെയുള്ള ഗിഫ്റ്റുകൾ ബാലൺ ഡി ഓർ അധികൃതർക്ക് പിഎസ്ജി, നൽകിയതായാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.

കാര്യസാധ്യത്തിനായി സ്വാധീനം ചെലുത്തുന്ന രീതിക്കാരനാണ് പി എസ് ജി മുൻ ഡയറക്ടർ യാൻ മർത്യാൽ റിബെസ് എന്ന് നേരത്തെ വിവിധ അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നു. ഇതിനിടെ മെസിയുടെ ബാലൺ ഡി ഓറുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ വ്യാജമാണെന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്.

അതേസമയം, 2023 ബാലൺ ഡി ഓർ ലയണൽ മെസി നേടിയതോടെ അർജന്റൈൻ താരത്തിന്റെ പേരിൽ എട്ട് പുരസ്‌കാരമായി. ബാലൺ ഡി ഓർ ഏറ്റവും കൂടുതൽ നേടിയതും ലയണൽ മെസിയാണ്. 2023 ബാലൺ ഡി ഓർ സാധ്യതാ പട്ടികയിൽ മെസിയുടെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെട്ടിരുന്നില്ല. ദശാബ്ദത്തിനു ശേഷമാണ് റൊണാൾഡോ ഇല്ലാതെ ഒരു ബാലൺ ഡി ഓർ പട്ടിക ഇറങ്ങുന്നത്.

2024 ൽ റൊണാൾഡോയും മെസിയും ഉണ്ടാകില്ലെന്നും സൂചനയുണ്ട്. കാരണം, ഈ രണ്ട് സൂപ്പർ താരങ്ങളും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിനു പുറത്താണ് നിലവിൽ കളിക്കുന്നത്. 2023 ജനുവരി ഒന്ന് മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിയിലാണ്. 2023 ജൂലൈ 16 മുതൽ ലയണൽ മെസി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലും.

ക്ലബ് തലത്തിൽ ഇരുവരും നേർക്കുനേർ വരുന്ന സൗഹൃദ പോരാട്ടത്തിനും 2024 ഫെബ്രുവരി സാക്ഷ്യം വഹിക്കും. ഫെബ്രുവരി ഒന്നിന് അൽ നസർ എഫ് സിയും ഇന്റർ മയാമിയും തമ്മിൽ ഏറ്റുമുട്ടും. 2024 ജനുവരിയിൽ മത്സരങ്ങൾ ഇല്ലാത്ത അൽ നസർ എഫ് സി കളത്തിലേക്ക് തിരിച്ച് എത്തുന്ന പോരാട്ടമാണ് ഇന്റർ മയാമിക്ക് എതിരേ അരങ്ങേറുക. 2008 നു ശേഷം റൊണാൾഡോ അഞ്ച് തവണയും ( 2008, 2013, 2014, 2016, 2017 ) മെസി എട്ട് തവണയും ( 2009, 2010, 2011, 2012, 2015, 2019, 2021, 2023 ) സ്വന്തമാക്കിയതോടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ബാലൺ ഡി ഓറിൽ ഇവരുടെ ആധിപത്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version