കാൻ 2024 ഇന്ത്യയെ അടയാളപ്പെടുത്തിയ ചലച്ചിത്രോത്സവമായിരുന്നു എന്ന് പറയാം. പായൽ കപാഡിയ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയപ്പോൾ അതിൽ കേരളത്തിന്റെ കൈയ്യൊപ്പ് കൂടിയുണ്ടായിരുന്നു. മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് അഭിനന്ദ പ്രവാഹമാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നത്.
ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമുള്ള ഈ സമയത്ത് എന്റെ രാജ്യത്ത് നിന്ന് ഉറച്ച ശബ്ദം കേൾക്കുന്നു. കാനിൽ ഗ്രാൻഡ് പ്രീ ബഹുമതി ആദ്യമായി സ്വന്തമാക്കുന്ന ഒരു സ്വതന്ത്ര ഇന്ത്യൻ സിനിമ ഇതാ. ഈ നേട്ടത്തിൽ നമുക്ക് ഒരുമിച്ച് എഴുന്നേറ്റ് നിന്ന് കയ്യടിക്കാം. ഇന്ത്യൻ സിനിമയുടെ സുവർണ നേട്ടമാണിത്. ഇത് ഇനിയും സംഭവിച്ചേക്കാം. പക്ഷെ പായൽ കപാഡിയയുടെ ശ്രദ്ധേയമായ നേട്ടം പോലെ ഒരു ഇംപാക്ട് ഉണ്ടാകില്ല. ‘ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച സിനിമയുടെ എല്ലാ ടീമിനും എന്റെ സ്നേഹവും അഭിനന്ദനങ്ങളും, വാട്ട് എ മൊമന്റ്’ അദിതി റവു ഹൈദരി സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംവിധായനും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ അദിതിയുടെ പോസ്റ്റിന് പ്രതികരിച്ചത് ഇങ്ങനെ, ‘പായലിനും സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങൾ. ഇത് ശരിക്കും അവിശ്വസനീയമായ മുഹൂർത്തമാണ്’.
ടൊവിനോ തോമസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, ‘ വാവ് !! ഇന്ത്യൻ സിനിമയ്ക്ക് ഇത് അവിശ്വസനീയമായ നിമിഷം. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ചരിത്രം കുറിച്ചുകൊണ്ട് കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായി’. കനി കുസൃതിയെയും ദിവ്യ പ്രഭയെയും പായൽ കാപാഡിയെയും ടാഗ് ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും കാനിലെ താരങ്ങളുടെ ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
എഴുത്തുകാരനും ഹാസ്യതാരവുമായ വരുൺ ഗ്രോവറും പായൽ കപാഡിയക്ക് ആശംസയറിയിച്ചു. ‘ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ രണ്ടാമത്തെ ഉയർന്ന ബഹുമതി നേടിയിരിക്കുന്നു. കാനിലെ വേദിയിൽ നാല് ഇന്ത്യൻ സ്ത്രീകളെ ഇങ്ങനെ കാണുന്നത് മാജിക്കലായി തോന്നുന്നു. കലയിലും ജീവിതത്തിലും അഭിപ്രായങ്ങൾ തിരഞ്ഞെടുക്കുക കഠിനമാണ്. എന്നാൽ ചിലപ്പോൾ അത് മാന്ത്രികത സൃഷ്ടിക്കുന്നു,’
ഈ നേട്ടം തനിക്ക് അവിശ്വസനീയമായി തോന്നുവെന്നും അനുഗ്രഹീതമായ നിമിഷമായി തോന്നുന്നുവെന്നുമാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ബ്രൂട്ട് ഇന്ത്യയോട് പ്രതികരിച്ചത്. മൂന്ന് വർഷം മുൻപുള്ള കാൻ ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം ലഭിച്ചത് പായലിന്റെ ‘എ നൈറ്റ് ഓഫ് നോയിങ്ങ് നത്തിങ്ങ്’ നാണ്.