Connect with us

Gulf

അനധികൃത ഖുര്‍ആന്‍ പഠനത്തിന് യുഎഇയില്‍ വിലക്ക്; നിയമം ലംഘിച്ചാല്‍ തടവും അര ലക്ഷം ദിര്‍ഹം പിഴയും

Published

on

അബൂദാബി: അനധികൃത ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നുള്ള നിയമപരമായ ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്, സകാത്ത് അറിയിച്ചു. ലൈസന്‍സില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നിയന്ത്രണവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സില്‍നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ ഏതെങ്കിലും ഖുര്‍ആന്‍ പഠന കേന്ദ്രം സ്ഥാപിക്കാനും അതിന് നേതൃത്വം നല്‍കാനും ഖുര്‍ആന്‍ പഠിപ്പിക്കാനും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അനധികൃത പഠനകേന്ദ്രങ്ങള്‍ അപകടം ചെയ്യും

ഖുറാന്‍ അധ്യാപന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലൈസന്‍സില്ലാത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന അപകടങ്ങളെ കുറിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്, സകാത്ത് യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. പുതു തലമുറയെ സംരക്ഷിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന മതവിദ്യാഭ്യാസം കൃത്യതയുള്ളതും ശരിയുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഖുർആന്‍ അധ്യാപന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി വ്യക്തികള്‍ യോഗ്യതയില്ലാത്തവരും ആവശ്യത്തിന് മത വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരുമാണ്. ഇത് തെറ്റായ അധ്യാപനത്തിലേക്കും വിശുദ്ധ ഗ്രന്ഥത്തിന്റെ തെറ്റായ വ്യാഖ്യാനത്തിലേക്കും ഇസ്ലാമിക അധ്യാപനങ്ങളെയും തത്വങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകളിലേക്കും നയിച്ചേക്കാന്‍ ഇടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ശിക്ഷ തടവും അര ലക്ഷം ദിര്‍ഹം പിഴയും​

ലൈസന്‍സില്ലാത്ത നിരവധി ആളുകള്‍ ഖുര്‍ആന്‍ ക്ലാസുകളെ കുറിച്ചുള്ള പ്രൊമോഷണല്‍ പരസ്യങ്ങളുമായി ആളുകളെ ആകര്‍ഷിക്കുന്നത് വര്‍ധിച്ചുവരുന്നതായും ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതോ സംശയാസ്പദമോ ആയ ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അവയുടെ വ്യാപനം തടയാന്‍ സഹായിക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ അറിയിച്ചു. യുഎഇ നിയമം അനുസരിച്ച്, ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഏതൊരാള്‍ക്കും രണ്ട് മാസത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്ന് ശിക്ഷയായി ലഭിക്കും.

ആര്‍ക്കൊക്കെ ഖുര്‍ആന്‍ പഠിപ്പിക്കാം?​

21 വയസ്സില്‍ കുറയാത്തവരും നല്ല പെരുമാറ്റമുള്ളവരും ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടാത്തവരും ആയ ആളുകള്‍ക്ക് മാത്രമേ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള ലൈസന്‍സിന് അര്‍ഹതയുള്ളൂ. തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിനുള്ള ആരോഗ്യ ക്ഷമത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മതപഠന കേന്ദ്രം കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക അനുഭവം, മതാധ്യാപനത്തിനുള്ള ഉചിതമായ യോഗ്യതകള്‍ എന്നിവയും ഉണ്ടായിരിക്കണം. അവര്‍ ടെസ്റ്റിലും വ്യക്തിഗത അഭിമുഖത്തിലും വിജയിച്ചവരും അധികാരികളില്‍ നിന്നുള്ള അംഗീകാരം ഉള്ളവരുമായിരിക്കണം.

പഠനകേന്ദ്രത്തിന് വേണ്ട നിബന്ധനകള്‍​

ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് ഏതാനും വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിയമം അനുസരിച്ചുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം എന്നതാണ് ഇവയില്‍ പ്രധാനം. കേന്ദ്രം നടത്തുന്നതിനുള്ള കെട്ടിടം നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതും സൗകര്യങ്ങള്‍ ഉള്ളതുമായിരിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്സ് മുറികള്‍ ഉണ്ടായിരിക്കണം. പ്രായോഗിക പരിശീലനം നല്‍കുന്നതിനുള്ള ഹാളുകളും സ്ഥലങ്ങളും കേന്ദ്രത്തില്‍ ഉണ്ടായിരിക്കണം. ഇത്തരമൊരു കേന്ദ്രത്തില്‍ നിയമപ്രകാരം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Published

on

By

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നാരം ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥരായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ്, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, എന്നിവര്‍ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

Continue Reading

Gulf

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

Published

on

By

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്‌പാക്കിന്റെ  1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഒരുമിച്ചുകൂടി.
ഒരു സാധാരണ ഔട്ടിംഗ് എന്നതിനപ്പുറം, പ്രതിസന്ധികൾക്കും സംഘര്ഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്‌പാക്ക് അധികൃതർ അറിയിച്ചു. വെയര്‍ഹൗസ്, ഫാക്ടറി ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് നല്‍കിയ കംപ്ലിമെന്ററി കപ്പിള്‍ പാസുകള്‍ സീസണ്‍ അവസാനിക്കുന്നതുവരെ മിറക്കിൾ ഗാര്‍ഡന്‍ സന്ദര്‍ശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കാലഘട്ടത്തില്‍ ഒരുമയുടെയും നിലനില്പിന്റെയും സന്ദേശം നല്‍കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്‌പാക് ഹോട്ട്‌പാക്കിന്റെ സ്ഥാപകന്‍, ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാര്‍ക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്‌പാക്കിന്റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഒഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു.
ജോലി സ്ഥലത്തിന് പുറമെ ജീവനക്കാരുടെ ക്ഷേമം അവരുടെ കുടുംബബന്ധങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു ഞങ്ങൾ വിശ്വാസിക്കുന്നു.  ‘ഹോട്ട്‌പാക് ഹാപ്പിനസ്’ പോലുള്ള പദ്ധതികളിലൂടെ, ജീവനക്കാര്‍ക്ക് ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്ഷങ്ങള് കുറച്ചു ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുന്ന രീതികൾ ഞങ്ങള്‍ ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പശ്ചാത്തലങ്ങളില്‍നിന്ന് വരുന്ന ജീവനക്കാരുടെ അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സിടിഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൻവർ പി.ബി. പറഞ്ഞു. ഇത്തരത്തിലുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ ഇടയിലെ ബന്ധം ശക്തിപ്പെടുത്തുകയും കൂടുതല്‍ അടുപ്പം വളര്‍ത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട്‌പാക്കില്‍നിന്നുള്ള ഒരു വലിയ സംഘം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്ന് മിറക്കിള്‍ ഗാര്‍ഡനില്‍ ഹോട്ട്‌പാക് ജീവനക്കാരുടെ സംഗമത്തെക്കുറിച്ച് അതിന്റെ ഗ്രൂപ്പ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് സാഹിര്‍ ഹമ്മാദി പറഞ്ഞു.

Continue Reading

Gulf

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

Published

on

By

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ‘മന്ന മെസ്’ അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നു. ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായി സഹകരിച്ച് ദുബായിലെ അൽ ഖിസൈസിലാണ് മന്ന മെസ്സിന്റെ യുഎഇയിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിക്കുന്നത്.

അസൈവത്തിൽ ആരോഗ്യവും പാരമ്പര്യവും

“അസൈവത്തിൽ ആരോഗ്യം” (മാംസാഹാരത്തിലും ആരോഗ്യം) എന്ന ആപ്തവാക്യവുമായാണ് മന്ന മെസ് പ്രവർത്തിക്കുന്നത്. കൃത്രിമ നിറങ്ങളോ അജിനോമോട്ടോയോ മസാലകളോ ചേർക്കാതെ, തികച്ചും പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് ഇവിടുത്തെ വിഭവങ്ങൾ തയ്യാറാക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന നാടൻ തമിഴ് ഊണും വീട്ടുരുചിയുള്ള വിഭവങ്ങളുമാണ് മന്ന മെസ്സിനെ ജനപ്രിയമാക്കിയത്.

പാരമ്പര്യവും പ്രൊഫഷണലിസവും

തമിഴ് പ്രൊഫസറായിരുന്ന മിസ്റ്റർ ജയരാജ് തന്റെ ജോലി ഉപേക്ഷിച്ചാണ് അച്ചരപ്പാക്കത്ത് മന്ന മെസ്സിന് തുടക്കമിട്ടത്. ലളിതമായ സേവനവും സത്യസന്ധമായ രുചിക്കൂട്ടുകളും വഴി ഇന്ന് തമിഴ്‌നാട്ടിൽ അഞ്ചിലധികം ലൊക്കേഷനുകളിൽ റെസ്റ്റോറന്റ് വിജയകരമായി പ്രവർത്തിക്കുന്നു.

എൽഎംസെഡ് ഗ്രൂപ്പുമായി തന്ത്രപരമായ പങ്കാളിത്തം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ലാൻഡ്മാർക്ക് സെനാത്ത് (LMZ) ഗ്രൂപ്പുമായുള്ള പങ്കാളിത്തം മന്ന മെസ്സിന്റെ ആഗോള വളർച്ചയിലെ നിർണ്ണായക ചുവടുവെപ്പാണ്. ലാൻഡ്മാർക്ക് ഹോട്ടൽസ്, സെനാത്ത് റിയൽ എസ്റ്റേറ്റ്, സംഗീത വെജ് റെസ്റ്റോറന്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ അമരക്കാരനായ മിസ്റ്റർ ദീൻ സാദിഖിന്റെ (ഗ്രൂപ്പ് ഡയറക്ടർ, LMZ Group) നേതൃത്വത്തിലാണ് ഈ പുതിയ സംരംഭം ദുബായിലെത്തുന്നത്.

“ഉയർന്ന ഗുണനിലവാരമുള്ളതും തനതുമായ പ്രാദേശിക ഭക്ഷണ സംസ്കാരങ്ങൾ യുഎഇയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് മിസ്റ്റർ ദീൻ സാദിഖ് പറഞ്ഞു.

പ്രത്യേകതകൾ:

  • അൽ ഖിസൈസിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടം.

  • തമിഴ്നാട്ടിലെ മന്ന മെസ്സിന്റെ അതേ പോസിറ്റീവ് എനർജിയും ലളിതമായ ആംബിയൻസും.

  • വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തിയ ഓപ്പൺ മെസ് സ്റ്റൈൽ.

  • ഹെൽത്തി നോൺ-വെജ് വിഭവങ്ങൾ.

തമിഴ് സംസ്കാരത്തിന്റെ തനിമ ചോരാതെ, കുറഞ്ഞ ചിലവിൽ മികച്ച ഭക്ഷണം ആഗ്രഹിക്കുന്ന പ്രവാസികൾക്ക് മന്ന മെസ് പുതിയൊരു അനുഭവമായിരിക്കും

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.