അബൂദാബി: അനധികൃത ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളില്‍ നിന്നുള്ള നിയമപരമായ ലൈസന്‍സില്ലാത്ത ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്, സകാത്ത് അറിയിച്ചു. ലൈസന്‍സില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നിയന്ത്രണവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സില്‍നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ ഏതെങ്കിലും ഖുര്‍ആന്‍ പഠന കേന്ദ്രം സ്ഥാപിക്കാനും അതിന് നേതൃത്വം നല്‍കാനും ഖുര്‍ആന്‍ പഠിപ്പിക്കാനും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അനധികൃത പഠനകേന്ദ്രങ്ങള്‍ അപകടം ചെയ്യും
ഖുറാന്‍ അധ്യാപന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലൈസന്‍സില്ലാത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉയര്‍ത്തുന്ന അപകടങ്ങളെ കുറിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്, സകാത്ത് യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. പുതു തലമുറയെ സംരക്ഷിക്കാന്‍ അവര്‍ക്ക് ലഭിക്കുന്ന മതവിദ്യാഭ്യാസം കൃത്യതയുള്ളതും ശരിയുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ഖുർആന്‍ അധ്യാപന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി വ്യക്തികള്‍ യോഗ്യതയില്ലാത്തവരും ആവശ്യത്തിന് മത വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരുമാണ്. ഇത് തെറ്റായ അധ്യാപനത്തിലേക്കും വിശുദ്ധ ഗ്രന്ഥത്തിന്റെ തെറ്റായ വ്യാഖ്യാനത്തിലേക്കും ഇസ്ലാമിക അധ്യാപനങ്ങളെയും തത്വങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകളിലേക്കും നയിച്ചേക്കാന്‍ ഇടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ശിക്ഷ തടവും അര ലക്ഷം ദിര്‍ഹം പിഴയും
ലൈസന്‍സില്ലാത്ത നിരവധി ആളുകള്‍ ഖുര്‍ആന്‍ ക്ലാസുകളെ കുറിച്ചുള്ള പ്രൊമോഷണല്‍ പരസ്യങ്ങളുമായി ആളുകളെ ആകര്‍ഷിക്കുന്നത് വര്‍ധിച്ചുവരുന്നതായും ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതോ സംശയാസ്പദമോ ആയ ഇത്തരം ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും അവയുടെ വ്യാപനം തടയാന്‍ സഹായിക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ അറിയിച്ചു. യുഎഇ നിയമം അനുസരിച്ച്, ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഏതൊരാള്‍ക്കും രണ്ട് മാസത്തില്‍ കുറയാത്ത തടവും 50,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഒന്ന് ശിക്ഷയായി ലഭിക്കും.
ആര്‍ക്കൊക്കെ ഖുര്‍ആന്‍ പഠിപ്പിക്കാം?
21 വയസ്സില്‍ കുറയാത്തവരും നല്ല പെരുമാറ്റമുള്ളവരും ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെടാത്തവരും ആയ ആളുകള്‍ക്ക് മാത്രമേ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനുള്ള ലൈസന്‍സിന് അര്‍ഹതയുള്ളൂ. തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിനുള്ള ആരോഗ്യ ക്ഷമത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മതപഠന കേന്ദ്രം കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക അനുഭവം, മതാധ്യാപനത്തിനുള്ള ഉചിതമായ യോഗ്യതകള്‍ എന്നിവയും ഉണ്ടായിരിക്കണം. അവര്‍ ടെസ്റ്റിലും വ്യക്തിഗത അഭിമുഖത്തിലും വിജയിച്ചവരും അധികാരികളില്‍ നിന്നുള്ള അംഗീകാരം ഉള്ളവരുമായിരിക്കണം.
പഠനകേന്ദ്രത്തിന് വേണ്ട നിബന്ധനകള്‍
ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനായി ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന് ഏതാനും വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിയമം അനുസരിച്ചുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം എന്നതാണ് ഇവയില്‍ പ്രധാനം. കേന്ദ്രം നടത്തുന്നതിനുള്ള കെട്ടിടം നിയമപ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്നതും സൗകര്യങ്ങള്‍ ഉള്ളതുമായിരിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ്സ് മുറികള്‍ ഉണ്ടായിരിക്കണം. പ്രായോഗിക പരിശീലനം നല്‍കുന്നതിനുള്ള ഹാളുകളും സ്ഥലങ്ങളും കേന്ദ്രത്തില്‍ ഉണ്ടായിരിക്കണം. ഇത്തരമൊരു കേന്ദ്രത്തില്‍ നിയമപ്രകാരം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.