തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ (14) ഇലക്ട്രിക് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി സംഭവ ദിവസം നടന്ന കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. അപകടം മനഃപൂര്‍വമല്ലെന്നാണ് പ്രിയരഞ്ജന്‍ നല്‍കിയ മൊഴി. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പോലീസിന് മൊഴി നല്‍കി. പ്രിയരഞ്ജനെ തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചപ്പോഴും നാട്ടുകാര്‍ രോഷാകുലരായി. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കിയത്.തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചിനാണ് പ്രിയരഞ്ജനെ (42) അറസ്റ്റു ചെയ്തത്. ഇന്നലെ ഒരു ബന്ധുവുമായി പ്രതി ഫോണില്‍ ബന്ധപ്പെട്ടത് മനസിലാക്കി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഒളിവിലായതുമുതല്‍ തമിഴ്‌നാട്ടിലുള്ള ബന്ധുവീടുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഇന്നലെ മറ്റൊരിടത്തേക്ക് മാറാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്തെന്ന് അറിയാന്‍ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് റൂറല്‍ എസ്പി ഡി ശില്പ പറഞ്ഞു.
പ്രതിയെ ഒളിവില്‍പോകാന്‍ സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തി. പ്രതിയുടെ കാറും ആദിശേഖറിന്റെ സൈക്കിളും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. കാട്ടാക്കട പൂവച്ചിലില്‍ കഴിഞ്ഞ മാസം 30-നായിരുന്നു സംഭവം. പത്താം ക്ലാസുകാരനായ ആദിശേഖറിനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്. വൈകിട്ട് അഞ്ചുമണിക്ക് സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിര്‍ത്തിയിരുന്ന കാര്‍ അമിതവേഗതയില്‍ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. ഏപ്രിലില്‍ പ്രതി മദ്യപിച്ച് പുളിങ്കോട് ക്ഷേത്രമതിലില്‍ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണം.
പ്രിയരഞ്ജനെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകരമായ നരഹത്തിക്ക് ഐപിസി 304 ചുമത്തി. സംഭവം നടന്ന അന്നു തന്നെ പ്രതി കാര്‍ ഉപേക്ഷിച്ച് മുങ്ങിയിരുന്നു. തുടര്‍ന്ന് വിദേശത്തുള്ള ഭാര്യയോട് വിവരം അറിയിച്ചശേഷം നാട്ടിലെത്താന്‍ ആവശ്യപ്പെടുകയും അടുത്തദിവസം അവരെത്തുകയും ചെയ്തിരുന്നു. പ്രിയരഞ്ജന്‍ പിടിയിലാകുമ്പോള്‍ ഭാര്യയും മക്കളും ഇല്ലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം, കൊലക്കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത് പുളിങ്കോട് ദേവി ക്ഷേത്രത്തിലെ സിസിടിവിയാണ്. മോഷണം പതിവായതോടെ 2 മാസം മുന്‍പാണ് നാട്ടുകാര്‍ ചേര്‍ന്ന് പുളിങ്കോട് ദേവി ക്ഷേത്രത്തില്‍ ക്യാമറ സ്ഥാപിച്ചത്. കള്ളനെ പിടിക്കാന്‍ സ്ഥാപിച്ച ക്യാമറയില്‍ കൊലപാതക ദൃശ്യം പതിഞ്ഞതോടെ നാട്ടുകാരാകെ അമ്പരപ്പിലാണ്. അപകടമരണമായി എല്ലാവരും കരുതിയിരുന്ന സംഭവമാണ് ക്യാമറ ദൃശ്യത്തിലൂടെ കൊലപാതകമെന്ന് അറിഞ്ഞത്. അപകടശേഷം സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായത്.