ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ കെട്ടിത്തൂക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ. റായ്ച്ചൂരിലെ പ്രീ യൂണിവേഴ്സിറ്റി (പി.യു) കോളേജ് പ്രിൻസിപ്പൽ രമേഷ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ലിംഗസുഗൂർ പട്ടണത്തിലാണ് ദാരുണമായ സംഭവം. വിസിബി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കീഴിലുള്ള ഹോസ്റ്റലിൽ ഫെബ്രുവരി 10ന് രാത്രിയാണ് പ്ലസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മകളുടെ മരണവിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ മാതാപിതാക്കൾ രമേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. രമേഷ് പെൺകുട്ടിയെ പലതവണ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും കോളേജിന് മുന്നിൽ പ്രതിഷേധിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതോടെ രമേഷ് ഒളിവിൽ പോയി. അന്വേഷണം തുടരുന്നതിനിടെ ഒളിവിലായിരുന്ന രമേഷിനെ ബിജാപൂരിൽ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൽ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.