ദുബായ്: ഇന്ത്യയിലെ പ്രൊഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിബോൾ ലീഗ് – ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിന്റെ വിജയം ദുബായിൽ ആഘോഷിച്ചു. ദുബായ് അൽ സാഹിയ ഹാളിൽ നടന്ന വിപുലമായ ചടങ്ങിൽ ടീം ക്യാപ്റ്റൻ ജെറോം വിനീത് അടക്കമുള്ള താരങ്ങളും, ടീം മാനേജ്‌മെന്റും, നിരവധി പ്രമുഖരും പങ്കെടുത്തു.
ഈ വിജയത്തോടെ ഇന്ത്യയിൽ നടക്കുന്ന വിവിധ പ്രൊഫഷണൽ ലീഗുകളിൽ നിന്ന് ചാമ്പ്യൻ പട്ടം നേടിയ ആദ്യ കേരള ടീമായി മാറി കാലിക്കറ്റ് ഹീറോസ്. പ്രൈം വോളിബോൾ ലീഗിൽ ജേതാക്കൾ ആയതിനെ തുടർന്ന് ഡിസംബറിൽ ഇന്ത്യയിൽ നടക്കുന്ന ലോക എഫ്ഐവിബി ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക കേരളത്തിൽ നിന്നുള്ള ഈ ടീമായിരിക്കും . ദുബായ് രാജകുടുംബാംഗം ഷെയ്ഖ് ഷംസ ബിന്ദ് ഹഷർ അൽ മഖ്ദൂം കേക്ക് മുറിച്ച് ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് ഹീറോസിന്റെ പ്രധാന ഡയറക്ടർ ബോർഡ് അംഗം സഫീർ ബിക്കൺ ,കോച്ച് കിഷോർ,
എക്‌സ് എ മാര്‍ക്കറ്റ്‌സ് ഡയറക്ടർമാരായ ഇസ്മായിൽ എലൈറ്റ്, ജഷീർ പി കെ,ശ്രീജിത്, സ്പോൺസർ അബ്ദുള്ള ഫലഖ്നാസ്, റിയാസ് ചേലേരി, അലോക് സംഘി, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ഷംസുദ്ദീൻ നെല്ലറ, ആർ ജെ ഫസലു, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അജ്മൽ ഖാൻ, തുടങ്ങിയവരും സംബന്ധിച്ചു.
കാലിക്കറ്റ് ഹീറോസിന്റെ മുഖ്യ പ്രായോജകരായ എക്‌സ് എ മാര്‍ക്കറ്റ്‌സാണ് ജേതാക്കൾക്ക് പ്രവാസ ലോകത്ത് ആദരം നൽകാൻ ചടങ്ങ് ഒരുക്കിയത്. ടീം ക്യാപ്റ്റൻ ജെറോം വിനീതിനെ പരിപാടിയിൽ മൊമെന്റോ നൽകി ആദരിച്ചു. ലീഗിലെ ഉജ്ജ്വല വിജയം, കേരളത്തിന്റെ വോളിബോൾ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുമെന്ന് ജെറോം വിനീത് പറഞ്ഞു. ടീമിന്റെ വിജയം കേരളത്തിലെ വോളിബോൾ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. സിനിമ പിന്നണിഗായകൻ അഫ്സലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗാനമേള, ആഘോഷച്ചടങ്ങുകൾക്ക് മാറ്റുകൂട്ടി.