റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു. ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി മോദി എക്സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റ് ചെയ്തു.
തീവ്രവാദത്തെക്കുറിച്ചും സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിലും ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള സംഭാഷണത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുകയും തീവ്രവാദം, അക്രമം, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തതായി മോദി അറിയിച്ചു.
ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നു.
ഇന്ത്യയും പശ്ചിമേഷ്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക ഇടനാഴി ഈ മേഖലകള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ചയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയും നല്‍കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക മേഖലയിലെ ഇന്ത്യ-സൗദി സഹകരണം മുഴുവന്‍ മേഖലയുടെയും സമാധാനത്തിനും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
സൗദി കിരീടാവകാശിയുടെ ബഹുമാനാര്‍ത്ഥം രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും സാംസ്‌കാരിക അനുഭവങ്ങളും സാമ്പത്തിക സമന്വയവും സമാധാനപരവും സുസ്ഥിരവുമായ ലോകത്തിനായുള്ള പൊതു പ്രതിബദ്ധതയും പങ്കുവെച്ചതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു.