ഇടുക്കി: ചിന്നക്കനാലിൽ പോലീസുകാർക്കുനേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. സിവിൽ പോലീസ് ഓഫീസർക്ക് കുത്തേറ്റു. ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച പ്രതികളെ തേടിയെത്തിയ കായംകുളം സ്റ്റേഷനിലെ അഞ്ചംഗ പോലീസ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ രണ്ടുമണിക്കാണ് സംഭവം.
കായംകുളത്തെ ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ നാലു പ്രതികൾ ചിന്നക്കനാൽ ഭാഗത്ത് ഒളിവിൽ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം ഇവിടെ എത്തുകയായിരുന്നു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്നവർ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് വാഹനത്തിൻ്റെ താക്കോൽ ഊരിയെടുത്ത അക്രമി സംഘം ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് മർദിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കുകയും ചെയ്തു.
കായംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ദീപക്കിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നാണ് വിവരം. ഇയാൾ അപകടനില തരണം ചെയ്തു. അക്രമി സംഘത്തിലെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.