ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെബ് സീരീസ് ആണ് ‘പോച്ചർ’. സീരിസിന്റെ പ്രീമിയറിന് മുന്നോടിയായി കൊച്ചിയിൽ ചലച്ചിത്രപ്രവർത്തകർക്കായി ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. സീരിസിലെ അഭിനേതാക്കളും അറിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നിവിൻ പോളി, പാർവതി തിരുവോത്ത്, പൂർണിമ ഇന്ദ്രജിത്, ദിലീഷ് പോത്തൻ, ജിയോ ബേബി, ടിനു പാപ്പച്ചൻ, ദർശന രാജേന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പ്രഭ, ലിയോണ ലിഷോയ്, മാലാ പാർവതി, ശാന്തി ബാലചന്ദ്രൻ തുടങ്ങി സിനിമയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.
നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എമ്മി അവാർഡ് നേടിയ ചലച്ചിത്ര നിർമ്മാതാവായ റിച്ചി മേത്തയാണ് സീരിസിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എട്ട് ഭാഗങ്ങളായാണ് ക്രൈം സീരീസ് എത്തുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളിൽ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാൻ ഒരുകൂട്ടം ഉദ്യോഗസ്ഥർ നടത്തുന്ന ജീവൻ മരണ പോരട്ടത്തിന്റെ കഥയുമാണ് ‘പോച്ചർ’ പറയുന്നത്.
ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ്, സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് ക്യുസി എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. പോച്ചർ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങും. ഒപ്പം സീരിസിന് 35 ല്‍ പരം ഭാഷകളിൽ സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കും. 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഫെബ്രുവരി 23 മുതൽ പോച്ചർ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും.