അബൂദബി: അബൂദബിയിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 95 ശതമാനം കുറക്കാനായെന്ന്പരിസ്ഥിതി ഏജൻസി അറിയിച്ചു. നിരോധത്തിന് മുമ്പ് ദിവസം നാലരലക്ഷം പ്ലാസ്റ്റിക് സഞ്ചികളാണ് അബൂദബിയിൽ മാത്രം ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞവർഷം ജൂൺ ഒന്നിനാണ് അബൂദബിയിൽ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം നിരോധിച്ചത്. ഇതോടെ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം 95 ശതമാനം കുറഞ്ഞതായി അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. 17.2 കോടി പ്ലാസ്റ്റിക് സഞ്ചികളുടെ കുറവാണ് രേഖപ്പെടുത്തിയത്. എമിറേറ്റിൽ പുനരുപയോഗ സംസ്കാരം വളർത്തിയെടുക്കാനായി 2020- ലാണ് സമഗ്രമായ ഒലാസ്റ്റിക് നയം പുറത്തിറക്കിയത്.
അബുദാബി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, അഡ്നോക് കേന്ദ്രങ്ങൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ, ചില്ലറ വ്യാപാരികൾ തുടങ്ങി ഒട്ടേറെപ്പേർ പ്ലാസ്റ്റിക്കിനെ ഒഴിവാക്കാൻ പിന്തുണ നൽകി. പുനരുപയോഗ സഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി പ്ലാസ്റ്റിക് സഞ്ചികൾക്ക് 50 ഫിൽസ് ഈടാക്കാക്കിയാണ് വിലക്ക് ആരംഭിച്ചത്. ദൗത്യം വിജയിപ്പിക്കാൻ അബുദാബിയിലെ ജനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇ.എ.ഡി. സെക്രട്ടറി ജനറൽ ഡോ. ശൈഖാ സലേം അൽ ദഹേരി പറഞ്ഞു.