ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. അമ്പതിലേറെ പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്തമാണ് ടിടിപി ഏറ്റെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി. 157 പേര്‍ക്ക് പരുക്കേറ്റു. പലരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പള്ളിയില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പെഷവാര്‍ പൊലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും ആസ്ഥാനത്തിന് സമീപമായിരുന്നു സ്ഫോടനം. അതീവ സുരക്ഷാമേഖലയായ ഇവിടെ മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാര്‍ സ്ഥിരമായി ഉണ്ടാവാറുണ്ട്. സുരക്ഷാവീഴ്ച സംഭവിച്ചെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പെഷാവര്‍ പൊലീസ് മേധാവി ഇജാസ് ഖാന് പറഞ്ഞു.
ഇതിനിടെ, പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷാവറിലെത്തി. ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു.