Gulf

സുല്‍ത്താന്‍ അല്‍ നെയാദിക്ക് പേഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം; നാളെ യുഎഇയിലെത്തും

Published

on

അബുദാബി: ഷാര്‍ജ സര്‍ക്കാരിന്റെ പത്താമത് കമ്മ്യൂണിക്കേഷന്‍ അവാര്‍ഡില്‍ (എസ്ജിസിഎ) യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിക്ക് ‘പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍’ പുരസ്‌കാരം. ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ നടന്ന ദ്വിദിന ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആറുമാസം ചെലവഴിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയാണ് സുല്‍ത്താന്‍ അല്‍ നെയാദി. നാളെയാണ് അല്‍നെയാദി ബഹിരാകാശവാസത്തിനു ശേഷം ആദ്യമായി സ്വന്തംരാജ്യത്ത് മടങ്ങിയെത്തുന്നത്.

ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഫോറം (ഐജിസിഎഫ്) സംഘടിപ്പിച്ച ചടങ്ങില്‍ ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍, നൂതന കണ്ടുപിടുത്തങ്ങള്‍ എന്നീ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം. വിവിധ പരിപാടികളോടെയാണ് പത്താമത് അവാര്‍ഡ്‌നാദന ചടങ്ങ് സമാപിച്ചത്.

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ നെയാദി ബഹിരാകാശത്ത് കൂടി നടക്കുന്ന ആദ്യ അറബ് വംശജന്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷമാണ് സപ്തംബര്‍ ആദ്യത്തില്‍ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ അദ്ദേഹം തിരിച്ചെത്തിയത്. ഇതിനു ശേഷം ആദ്യമായായാണ് മാതൃരാജ്യത്തേക്കുള്ള ചരിത്രംകുറിച്ചുകൊണ്ടുള്ള മടങ്ങിവരവ്. രാജ്യം വീരനായകനെ ഔദ്യോഗികമായി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.

സുല്‍ത്താന്‍ അല്‍ നെയാദി സെപ്റ്റംബര്‍ 18 ന് യുഎഇയില്‍ തിരിച്ചെത്തുമെന്ന് യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) സാമൂഹിക മാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) സെപ്റ്റംബര്‍ 14ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് അദ്ദേഹം നാസയിലെ മറ്റ് ബഹിരാകാശ യാത്രികര്‍ക്കൊപ്പം ഭൂമിയില്‍ നിന്ന് പറന്നുയര്‍ന്നത്. 42 കാരനായ അല്‍ നെയാദി ഏപ്രില്‍ 28ന് ഐഎസ്എസിന് പുറത്ത് ബഹിരാകാശത്ത് ഏഴ് മണിക്കൂറും ഒരു മിനിറ്റും നടന്ന് (ഇവിഎ) ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബര്‍ നാലിന് തിങ്കളാഴ്ച ഗള്‍ഫ് സമയം രാവിലെ 8:17നാണ് അല്‍ നെയാദിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലെ തീരത്ത് തിരിച്ചിറങ്ങിയത്. സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ എന്ന പേടകം 17 മണിക്കൂര്‍ നീണ്ട പറക്കലിന് ശേഷമാണ് ഫ്‌ലോറിഡ തീരത്ത് പതിച്ചത്. അല്‍ നെയാദിയുടെ മറ്റ് ക്രൂ6 അംഗങ്ങളായ നാസ ബഹിരാകാശയാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്ദ്രേ ഫെഡ്യേവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version