മക്ക: സൗദി അറേബ്യയിലെ മക്ക നഗരത്തിലും മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന പുണ്യസ്ഥലങ്ങളിലും ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉള്‍പ്പെടെ ലഘു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി. മക്ക നഗരത്തിനും വിശുദ്ധ സ്ഥലങ്ങള്‍ക്കും വേണ്ടിയുള്ള റോയല്‍ കമ്മീഷന് ആണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
സുരക്ഷിതമായി ലഘു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് റോയല്‍ കമ്മീഷന് കഴിഞ്ഞ ശനിയാഴ്ച ഡിസംബര്‍ 23ന് കാംപയിന് ആരംഭിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
കാല്‍നടയാത്രക്കാര്‍ക്കുള്ള പാതകള്‍, അനുബന്ധ സ്ഥലങ്ങള്‍, പാര്‍ക്കിങ് ഏരിയകള്‍, അറഫ മലയുടെ ചുറ്റുമുള്ള സ്ഥലങ്ങള്‍, ഉമ്മുല്‍ ഖുറ സര്‍വകലാശാലയുടെ പരിസരം എന്നിവിടങ്ങളിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. കാമ്പെയ്ന് ആരംഭിക്കുന്നതിന് മുന്നോടിയായി ബോധവത്കരണ പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ക്ക് രൂപംനല്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരവധി തവണ യോഗംചേര്ന്നിരുന്നു.
മക്ക മേയറുടെ കാര്യാലയം, ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി, ഉമ്മുല്‍ ഖുറ യൂണിവേഴ്സിറ്റി, കിദാന ഡെവലപ്മെന്റ് കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് റോയല്‍ കമ്മീഷന് ഈ സംരംഭം ആരംഭിച്ചത്. ഉമ്മുല്‍-ഖുറ സര്‍വകലാശാല കാമ്പസിലുടനീളം നാല് സ്റ്റേഷനുകളും 30 സ്കൂട്ടറുകളും അനുവദിച്ച് ഈ സംരംഭത്തെ പിന്തുണച്ചു. നിക്ഷേപ വിഭാഗമായ വാദി മക്ക ഫോര്‍ ടെക്നോളജി കമ്പനിയിലൂടെ 1,100-ലധികം പേര്‍ക്ക് 70 ഇലക്ട്രിക് സ്കൂട്ടറുകളും നല്കി.