കണ്ണൂർ: ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നുവന്ന ജനവിധിയാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പാഠങ്ങൾ ഉൾകൊണ്ട് മുന്നോട്ട് പോകണം. ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ് കോൺഗ്രസ്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുളളത്. ഇന്നത്തെ ദിവസം തെക്കേ ഇന്ത്യയിൽ ഒരിടത്തും ബിജെപിയില്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ തോൽവി രാജ്യ താത്പര്യങ്ങൾക്ക് എതിരായ നിലപാടുകൾക്കുളള വിധിയെഴുത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ എത്തിയത് പത്ത് ദിവസമാണ്. കർണാടകയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കകയും അര ഡസൻ റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കർണാടകയിൽ ആകെയുളള 224 സീറ്റിൽ 137 സീറ്റിൽ കോൺഗ്രസിനാണ് മുന്നേറ്റം. മന്ത്രിമാര്‍ ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ വരെ അടിതെറ്റി വീണു. ബിജെപിക്ക് 63 ഉം കിങ് മേക്കറാകുമെന്ന് പ്രവചിച്ച ജെഡിഎസിന് 20 സീറ്റുകളുമാണ് ലഭിച്ചിട്ടുളളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിനുണ്ടായത്. ജെഡിഎസിന്റെ ശക്തി കേന്ദ്രമായിരുന്ന മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും വടക്കൻ കർണാടകയിലെ അമ്പത് സീറ്റിൽ 32 സീറ്റിലും കോൺഗ്രസ് ജയിച്ചു. ന്യൂനപക്ഷ മേഖലകളിലെ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണമുണ്ടായി. ബെഗളൂരുവിലും കർണാടകയുടെ തീര മേഖലയിലും മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.