കൊച്ചി: മുഖം മിനുക്കാൻ ഒരുങ്ങി കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിട്ട രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിലാണ് കേരളത്തിലെ അഞ്ചെണ്ണം ഉൾപ്പെടുന്നത്. 27 സംസ്ഥാനങ്ങളിലെ 508 സ്റ്റേഷനുകളാണ് 24470 കോടി രൂപ ചെലവിട്ട് നവീകരിക്കുന്നത്. കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷനുകൾ. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ട് നിർവഹിച്ചു.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് റെയിൽവേ ഇന്ന് തുടക്കമിട്ടത്. പദ്ധതിയിൽ ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും 55 സ്റ്റേഷനുകളും ബിഹാർ – 49, മഹാരാഷ്ട്ര – 44, പശ്ചിമബംഗാൾ – 37, മധ്യപ്രദേശ് – 34, അസം -32, ഒഡീഷ -25, പഞ്ചാബ് 21 എന്നിങ്ങനെ സ്റ്റേഷനുകളും ഉൾപ്പെടുന്നുണ്ട്.
കേരളത്തിലെ അഞ്ചെണ്ണമടക്കം ദക്ഷിണ റെയിൽവേയിലെ 25 സ്റ്റേഷനുകളും 508 സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. പാലക്കാട് ഡിവിഷനിൽ കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ സ്‌റ്റേഷനും ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ, ട്രാഫിക് സർക്കുലേഷൻ, ഇന്‍റർ-മോഡൽ ഇന്‍റഗ്രേഷൻ, യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനായി പുത്തൻ ബോർഡുകൾ എന്നിവയാണ് ഒരുക്കുക. പ്രാദേശിക സംസ്‌കാരത്തിനും വാസ്തുവിദ്യാരീതികൾക്കും അുസരിച്ചായിരിക്കും സ്റ്റേഷൻ കെട്ടിടങ്ങളുടെ നിർമാണം.