ജന സേന പാർട്ടി നേതാവും ലോക്സഭ സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയും ചെയ്ത നടൻ പവൻ കല്യാണിന് വിജയാശംസകളുമായി വിജയ്. ടോളിവുഡ് സിനിമയിൽ നിന്ന് നിരവധി പേർ താരത്തിന് ആശംസകളിറയിക്കുമ്പോഴാണ് തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റ് കൂടിയായ വിജയ്‍യുടെ ആശംസയും ശ്രദ്ധേയമാകുന്നത്.
‘ആന്ധ്രാ പ്രദേശിലെ ജനങ്ങളെ സേവിക്കാനുള്ള നിങ്ങളുടെ സഹിഷ്ണുതയും അർപ്പണബോധവും പ്രശംസനീയമാണ്. ആശംസകൾ നേരുന്നു. വിജയ്, പ്രസിഡൻ്റ്, തമിഴക വെട്രി കഴകം’, എന്നായിരുന്നു താരം കുറിച്ചിരുന്നത്. അല്ലു അർജുൻ, നിതിൻ, ആദിവി ശേഷ്, സായ് ധർമ്മ തേജ് തുടങ്ങിയ തെലുങ്ക് താരങ്ങളും നടന് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
ആന്ധ്രാ പ്രദേശിലെ പിത്താംപൂർ നിയോജക മണ്ഡലത്തിൽ മത്സരിച്ച് പവൻ കല്യാൺ വൈഎസ്ആർസിപി സ്ഥാനാര്‍ത്ഥിക്കെതിരെ 70,000 വോട്ടുകളുടെ വമ്പിച്ച ഭൂരപക്ഷത്തോടെയാണ് ജയിച്ചത്. 1,34,394 വോട്ടുകളാണ് താരത്തിന് ലഭിച്ചത്.ആന്ധ്രയിൽ 21 സീറ്റുകളിലാണ് ജനസേന പാർട്ടി വിജയിച്ചത്. ടിഡിപി, ബിജെപി എന്നിവരുമായി സഖ്യമുള്ള ജനസേന പാർട്ടി 175 നിയമസഭാ സീറ്റുകളിൽ 21 സീറ്റുകളിൽ മത്സരിച്ചിരുന്നു.
അതേസമയം, അഭിനയ ജീവിതം വിട്ട് പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് വിജയ്. ഇതിന്റെ ഭാഗമായി താൻ അവസാനമായി വേഷമിടുന്ന ചിത്രമായിരിക്കും വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് (Greatest of All Time) എന്ന് താരം പറഞ്ഞിരുന്നു. ഗോട്ടിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ്‍യ്ക്കൊപ്പം പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, അജ്മൽ, ജയറാം, വിടിവി ഗണേഷ്, മീനാക്ഷി ചതുർവേദി, വൈഭഫ, പാർവതി നായർ, പ്രേംജി, യോഗി ബാബു തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ഗോട്ടിന് സംഗീതമൊരുക്കുന്നത്. സെപ്റ്റംബർ അഞ്ചിനായിരിക്കും റിലീസ്.