‘ഇത് കാലിഫോര്‍ണിയയിലേക്ക് ചരക്ക് കൊണ്ടുപോവുന്ന കപ്പലാണ്. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പറഞ്ഞ് ദുബായ് കടപ്പുറം വഴി തിരിച്ചുവിട്ടിട്ടുണ്ട്. ആര് ചോദിച്ചാലും ഗഫൂര്‍ കോ ദോസ്ത് എന്ന് പറഞ്ഞാല്‍ മതി’- അന്തരിച്ച ഹാസ്യ സാമ്രാട്ട് മാമുക്കോയയുടെ ഈ സിനിമാ ഡയലോഗുകള്‍ കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. കടല്‍കടന്ന് അറബിപ്പൊന്ന് വാരാന്‍ പോകുന്ന മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച കഥാപാത്രം ചതിക്കപ്പെട്ട് മദിരാശിയില്‍ അറബി വേഷത്തില്‍ എത്തിപ്പെടുമ്പോള്‍ ഉണ്ടാവുന്ന സംഭവങ്ങള്‍ എക്കാലവും ചിരിപടര്‍ത്തുന്നതാണ്. കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് എന്ന ചര്‍ച്ചകള്‍ക്ക് ഈ സിനിമയേക്കാള്‍ എത്രയോ വര്‍ഷം പഴക്കമുണ്ട്.
ബേപ്പൂരില്‍ നിന്ന് ലോഞ്ച് കയറി ആളുകള്‍ ഗള്‍ഫിലേക്ക് വരാന്‍ തുടങ്ങിയ കാലം മുതല്‍ വിമാന യാത്രാക്കൂലി ഭീമമായി ഉയരുന്ന സമയങ്ങളിലെല്ലാം ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ എന്ന ആവശ്യം ഉയരാറുണ്ട്. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നമായ യാത്രാ കപ്പല്‍ ആരംഭിക്കാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ചതോടെ വീണ്ടും പ്രതീക്ഷയുടെ ചിറകുകള്‍ മുളച്ചിരുന്നു.
എന്നാല്‍, കേരളത്തിലെ തുറമുഖങ്ങളില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നാളിതുവരെ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ ‘ചങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ’ എന്ന് വ്യക്തമായി. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒരു സാധ്യതാപഠനവും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എംപി അബ്ദുസ്സമദ് സമദാനി എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി ഈ മറുപടി നല്‍കിയത്.
കഴിഞ്ഞ മേയില്‍ മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെയും കേരള മാരിടൈം ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരള-യുഎഇ സെക്ടറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോര്‍ഡിന്റെയും കപ്പല്‍ കമ്പനി പ്രതിനിധികളുടെയും സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരുന്നത്. പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ തിരക്കുള്ള സീസണുകളില്‍ ഭീമമായ തുകയാണ് ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും പ്രവാസികള്‍ക്ക് യാത്രക്കായി മാറ്റിവെക്കേണ്ടിവരുന്നുണ്ട്. ഓണം, പെരുന്നാളുകള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി തിരക്കുള്ള സമയങ്ങളിലെല്ലാം വന്‍തുകയാണ് നല്‍കേണ്ടിവരുന്നത്. ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രാക്കൂലിയില്‍ ആറിരട്ടിയിലധികം വര്‍ധനയുണ്ട്.
യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും മന്ത്രി അന്ന് പ്രഖ്യാപിച്ചിരുന്നു. യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ച ശേഷം രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു. സംയുക്ത യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള, സിഇഒ സലീംകുമാര്‍, എംഡിസി പ്രസിഡന്റ് സിഇ ചാക്കുണ്ണി, എംഡിസി ജനറല്‍ സെക്രട്ടറി അഡ്വ. എംകെ അയ്യപ്പന്‍, എംഡിസി വൈസ് പ്രസിഡന്റ് സുബൈര്‍ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.