India

‘സ്ത്രീകൾക്ക് താങ്ങില്ല’; ഇവിടുത്തെ പാനി പൂരി 18 വയസായ ആണുങ്ങൾക്ക് മാത്രം; വിചിത്ര വാദവുമായി ഗിരിരാജ്

Published

on

ഗ്വാളിയോർ: ‘പുരുഷന്മാർക്ക് മാത്രമേ പാനി പൂരി നൽകൂ.’ ഒരു പാനി പൂരി കടയുടെ മുന്നിലെ ബാനറിലെ വാക്കുകളാണിത്. ഇത് കാണുമ്പോൾ തന്നെ അതെന്താ അങ്ങനെ എന്ന ചോദ്യമാകില്ലേ നിങ്ങളുടെ മനസിൽ ഉയരുക. ശരിയാണ്, പാനി പൂരി കഴിക്കുന്നവരിൽ അങ്ങനെ ലിംഗ വ്യത്യാസമൊന്നും നമ്മൾ കണ്ടിട്ടില്ല. വഴിയോരങ്ങളിലെ പാനി പൂരി സ്റ്റാളുകളിൽ നിന്ന് അത് വാങ്ങി കഴിക്കുന്നവരാകും നമ്മളിൽ പലരും. പാനി പൂരി ഇഷ്ടമുള്ള ഒരാളെങ്കിലും നമ്മുടെ ഗ്യാങ്ങിൽ ഉണ്ടാകുമെന്നും ഉറപ്പാണ്. പക്ഷേ ഈ കടയിൽ കാര്യങ്ങൾ അൽപ്പം വിചത്രമാണ്.

ഈ കട തീർത്തും വ്യത്യസ്തം

ഇന്ത്യയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ പോയാലും നമ്മൾക്ക് കാണാൻ കഴിയുന്ന വിഭവമാണ് പാനി പൂരി. ഇത് പുരുഷന്മാർക്ക് മാത്രം വിൽക്കുന്ന ഒരു കടയും ഈ രാജ്യത്തുണ്ടെന്ന് നിങ്ങൾക്കറിയാമോ? സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനമില്ലാത്ത ഒരു കട. ഗിരിരാജ് സിങ് ബദൗരിയയുടെ പാനി പൂരി സ്റ്റാളിനെ ചുരുക്കത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇതിന് കടയുടമ ഗിരിരാജ് പറയുന്ന കാരണവും വിചിത്രമാണ്. വ്യത്യസ്തമായ ഈ പാനി പൂരി കടയെക്കുറിച്ച് അറിയാം.

​പല പേര്, എല്ലാവർക്കും പ്രിയങ്കരൻ​

പാനി ടിക്കി, പാനി പൂരി, ഗോൽ​ഗപ്പ, ഫുച്ക. പല നാട്ടിലും പല പേരുകളിലാണ് പാനി പൂരി അറിയപ്പെടുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. ഭക്ഷണങ്ങൾക്ക് അല്ലെങ്കിലും അങ്ങനെ പ്രായമോ, ലിംഗമോ ഒന്നും ഇല്ലല്ലോ. പക്ഷേ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു പാനി പൂരി കടയുണ്ട്. അവിടെ 18 തികഞ്ഞ ആണുങ്ങൾക്ക് മാത്രമേ പാനി പൂരി വിൽക്കുകയുള്ളൂ. ഇത് കേൾക്കുമ്പോൾ അതെന്താ അങ്ങനെ എന്ന ചോദ്യം തന്നെയാകും എല്ലാവർക്കും ഉയരുക. ഇത് സത്യമാണോ എന്ന് സംശയിച്ചാലും കുറ്റം പറയാനാകില്ല. പക്ഷേ സത്യമാണ്, വിശ്വസിച്ചേ പറ്റു. രാജ്യത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു കടയുള്ളതായി ഇതുവരെ കേട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഗിരിരാജിൻറെ ഈ പാനി പൂരി കട ശ്രദ്ധ നേടുന്നത്.

ഫൈവ് സ്റ്റാർ ഹോട്ടലിലും താരം​

വഴിയോര കച്ചവട സ്ഥാപനങ്ങൾക്ക് പുറമെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ പാനി പൂരി ലഭ്യമാണ്. കല്യാണ റിസപ്ഷൻ ഉൾപ്പെടെയുള്ള പാർട്ടികളിലും ഇന്ന് ഇവ സുലഭമാണ്. ഇവിടെ ഒരിടത്തും സ്ത്രീകളും കുട്ടികളും പാനി പൂരി കഴിക്കരുതെന്ന് ആരും വിലക്കിയിട്ടില്ല. പാനി പൂരി കഴിച്ച് സ്ത്രീകൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളതായി നമ്മളാരും കേട്ടിട്ടുമിണ്ടാകില്ല. അതുകൊണ്ട് തന്നെയാണ് ഗിരിരാജിൻറെ കടയിൽ എന്താണ് ഇത്ര പ്രത്യേകതയെന്ന ചോദ്യം ഉയരുന്നതും.

​സ്ത്രീകൾക്ക് പ്രവേശനമില്ല​

ഗിരിരാജ് സിങ്ങിൻറെ പാനി പൂരി കടയിലേക്ക് സ്ത്രീകളുടെ പ്രവേശനം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും തൻറെ വിഭവം സ്വപ്നം കാണുകയേ വേണ്ടെന്നാണ് ഇയാൾ പറയുന്നത്. ഒരു തരത്തിലും അവർക്കിത് നൽകാനാകില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം കടയുടെ പുറത്ത് വലിയൊരു ഫ്ലക്സിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഈ കടയിൽ പുരുഷന്മാർക്ക് മാത്രമേ പാനി പൂരി നൽകൂവെന്നാണ് ഫ്ലക്സിൽ എഴുതിയിട്ടുള്ളത്.

​നിരാശരായി മടങ്ങാം​

ഗിരിരാജിൻറെ പാനി പൂരിക്ക് ഇത്രയേറെ പ്രത്യേകത എന്താണെന്ന് അറിയാൻ മുന്നറിയിപ്പുകളൊന്നും വകവെക്കാതെ സ്ത്രീകൾ കടയിലേക്ക് പോയി എന്നിരിക്കട്ടെ. പാനി പൂരി ഓർഡർ ചെയ്താലും നിരാശ മാത്രമാകും ഫലം. യാതൊരു കാരണവശാലും ഈ കടയിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പാനി പൂരി നൽകില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കും കടയുടമ.

​വിൽക്കാത്തതിന്‍റെ കാരണം ഇങ്ങനെ​

ഗ്വാളിയോറിലെ കാഞ്ച്മിൽ റോഡിലാണ് ഗിരിരാജിൻറെ പാനി പൂരി കട സ്ഥിതി ചെയ്യുന്നത്. 18 തികഞ്ഞ പുരുഷന്മാർക്ക് മാത്രം താൻ പാനി പൂരി വിൽക്കുന്നതിന് ഒരു കാരണമുണ്ടെന്നാണ് ഗിരിരാജ് സിങ് ബദൗരിയ പറയുന്നത്. താൻ പാനി പൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ പ്രത്യേക മസാലക്കൂട്ട് അടങ്ങിയിട്ടുണ്ട്. വളരെയധികം തീവ്രത ഏറിയ മസാലക്കൂട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ഇത് സ്ത്രീകൾക്കും കുട്ടികൾക്കും കഴിക്കാനാകില്ല. അതുകൊണ്ട് മാത്രമാണ് ഇത് കഴിക്കുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version