Sports

‘പാണ്ഡ്യ വരാര്‍…’; ഐപിഎല്ലില്‍ തിരിച്ചെത്താന്‍ ഹാർദിക്, വീണ്ടും വര്‍ക്കൗട്ട് വീഡിയോ

Published

on

മുംബൈ: വീണ്ടും തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ആരാധകരെ ആവേശത്തിലാഴ്ത്തി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ജിമ്മില്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു. ‘പോകാന്‍ ഒരു ദിശ മാത്രം, മുന്നോട്ട്’ എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ലോകകപ്പ് മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കില്‍ നിന്നും ഹാര്‍ദിക് പൂര്‍ണമായും മുക്തനായിട്ടില്ലെന്നും താരത്തിന് 2024 ഐപിഎല്‍ സീസണ്‍ നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുശേഷം രണ്ടാം തവണയാണ് താരം വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെക്കുന്നത്. അഫ്ഗാനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കുമെന്ന് പ്രഖ്യാപിച്ചതിന് ഒരുദിവസത്തിന് ശേഷമാണ് തിരിച്ചുവരവിന്റെ സൂചന വീണ്ടും നല്‍കി ഹാര്‍ദിക് രംഗത്തെത്തിയത്.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ലോകപ്പ് മത്സരത്തിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിന്റെ ഒന്‍പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെ താരത്തിന്റെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ലോകകപ്പിലെ മറ്റു മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാവുകയും ചെയ്തു. അഫ്ഗാനിസ്താനെതിരെയുള്ള ട്വന്റി20 പരമ്പരയില്‍ നിന്നും ഹാര്‍ദിക് പുറത്തായിരുന്നു. ജനുവരി 11 മുതല്‍ 17 വരെയുള്ള അഫ്ഗാന്‍ പരമ്പരയോടെ ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുമെന്നും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമെന്നുമായിരുന്നു കരുതിയത്.

അപ്രതീക്ഷിതമായാണ് രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിക്കുന്നുവെന്ന് മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചത്. മുന്‍ ഐപിഎല്‍ കിരീടജേതാക്കളും കഴിഞ്ഞ സീസണിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ഈ സീസണിലാണ് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെയെത്തിയത്. പിന്നീടാണ് ആരാധകരെ ഞെട്ടിച്ച് രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദ്ദിക്കിനെ നായകനായി മുംബൈ ഇന്ത്യന്‍സ് നിയമിച്ചത്. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ടീമിന്റെ പ്രതികരണം. വിവാദത്തില്‍ വലിയ ആരാധക പ്രതിഷേധമാണ് ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version