ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് (79) അന്തരിച്ചു. ദീര്‍ഘനാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. യുഎഇയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001 മുതല്‍ 2008 വരെ പാകിസ്ഥാന്‍ പ്രസിഡന്‍റ് ആയിരുന്നു.
ദുബായിലെ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അസുഖബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അവയവങ്ങള്‍ നശിക്കുന്നതിലേക്ക് നയിക്കുന്ന ഒരു അപൂര്‍വ രോഗമായ അമിലോയിഡോസിസ്, അമിലോയ്ഡ് എന്ന പ്രോട്ടീന്‍ അവയവങ്ങളില്‍ അടിഞ്ഞുകൂടുമ്പോള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗമാണ്.
ഡല്‍ഹിയില്‍ 1943 ഓഗസ്റ്റ് 11 നാണ് മുഷറഫ് ജനിച്ചത്. ശേഷം കറാച്ചിയിലെ സെന്റ്. പാട്രിക് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റിയന്‍ കോളജില്‍ ഉന്നത വിദ്യാഭ്യാസവും അദ്ദേഹം പൂര്‍ത്തിയാക്കി. 1998 ല്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മുഷറഫിനെ സൈനിക മേധാവിയായി നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ദേശീയ പ്രധാന്യം നേടിക്കൊടുത്തത്. പിന്നാലെ, മുഷറഫിനെ സായുധസേനയുടെ മേധാവിയാക്കി. 1999 ല്‍ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിന് കാരണമായ കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന് മുഷറഫ് നേതൃത്വം നല്‍കി. 1999 ഒക്ടോബറില്‍ നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന്, ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി ഷെരീഫിനെ ജയിലിലാക്കി.
2016 മുതല്‍ ദുബായില്‍ താമസിക്കുന്ന മുഷറഫ്, 2007 ല്‍ ഭരണഘടനാ വിരുദ്ധമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് മുഷറഫിനെതിരെ പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ഈ കേസില്‍ 2014 ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി 2016 ല്‍ ദുബായിലേക്ക് പോയ മുഷറഫ് പിന്നീട് പാകിസ്ഥാനിലേക്ക് തിരിച്ചു വന്നില്ല.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, റെഡ് മോസ്‌ക് പുരോഹിതന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.