പത്തനംതിട്ട: തട്ടുകടയിൽ ചൂട് പൊറോട്ട നൽകിയില്ല. തിരുവനന്തപുരം സ്വദേശിയായ കട ഉടമക്ക് മർദ്ദനം. പത്തനംതിട്ട മല്ലപ്പള്ളി വെണ്ണിക്കുളത്തായിരുന്നു സംഭവം. ചൂടു പൊറോട്ട നൽകിയില്ലെന്ന കാരണത്താൽ ഹോട്ടൽ ഉടമയെ ഒരുസംഘം ആളുകൾ ചേർന്ന് മർദിക്കുക ആയിരുന്നു. വെണ്ണിക്കുളം തിയറ്റർ പടിയിൽ ഹോട്ടലും തട്ട് കടയും നടത്തുന്ന തിരുവനന്തപുരം സ്വദേശി മുരുകനാണ് മർദനമേറ്റത്. തലയ്ക്കു പരുക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 9.30ന് ആയിരുന്നു സംഭവം. കോയിപ്രം പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മർദിച്ചവർ അപ്പോൾ തന്നെ മുങ്ങി. ജില്ലയുടെ പല ഭാഗത്തും അടുത്തിടെ തട്ട് കടകൾക്ക് നേരെ അതിക്രമം ഉണ്ടാകുന്നുണ്ട്. കോയിപ്പുറം സ്റ്റേഷന്റെ പരിധിയിൽ തന്നെ തട്ട് കട നടത്തുന്ന കുടുംബത്തെ അടുത്തിടെയാണ് ഭക്ഷണം കഴിക്കാൻ എത്തിയവർ മർദിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
മല്ലശ്ശേരി പൂങ്കാവിൽ സായാഹ്ന ഹോട്ടൽ നടത്തുന്നവരെ ആക്രമിക്കുകയും കട കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്കെതിരെ അന്ന് പോലീസ് കാര്യമായ നടപടി എടുത്തില്ല. പിന്നീട് ഇതേ സംഘമാണ് മല്ലശേരിയിലെ പെട്രോൾ പമ്പിൽ കയറി ജീവനക്കാരെ മർദിച്ചത്. പ്രമാടം പഞ്ചായത്ത് അംഗത്തിന്റെ മകൻ ഉൾപ്പെടുന്ന അക്രമികളെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.