Gulf

കുവൈറ്റിലെ ഭക്ഷണശാലകളില്‍ ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി നല്‍കാന്‍ ഉത്തരവ്; കുപ്പിവെള്ളം നിര്‍ബന്ധിക്കരുത്

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഭക്ഷണശാലകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശിച്ച് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അല്‍ ഐബാന്‍ ഉത്തരവിറക്കി. കുപ്പിവെള്ളം വില്‍ക്കുന്നതിന് പകരം ഫില്‍ട്ടര്‍ ചെയ്ത ടാപ്പ് വെള്ളം സൗജന്യമായി നല്‍കണമെന്നാണ് നിര്‍ദേശം. ഭക്ഷണം കഴിക്കാനെത്തുന്നവരെ കുപ്പിവെള്ളം വിലകൊടുത്ത് വാങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നും ഉത്തരവില്‍ പറയുന്നു.

രാജ്യത്തെ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലുമെല്ലാം കുടിവെള്ളം ശുദ്ധീകരിച്ച് നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കണം. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കുടിവെള്ളം സൗജന്യമായി നല്‍കുന്നതിന് ഫില്‍ട്ടര്‍ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഭക്ഷണശാലകള്‍ ബാധ്യസ്ഥമാണ്.

ഉപഭോക്താക്കളില്‍ നിന്ന് ഭക്ഷണത്തിന്റെ ഓര്‍ഡര്‍ സ്വീകരിക്കുന്ന സമയത്ത് കുപ്പിവെള്ളം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആവശ്യപ്പെട്ടാല്‍ മാത്രം കുപ്പിവെള്ളം നല്‍കിയാല്‍ മതി. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുന്ന വിധം ഫില്‍ട്ടര്‍ ടാപ്പ് വെള്ളം സജ്ജമാക്കണം.

ഫില്‍ട്ടര്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അധികാരികള്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും വേണം. പുതിയ നിയമം വരുന്നതോടെ അതിന് വിരുദ്ധമായേക്കാവുന്ന മറ്റേതെങ്കിലും നിയമങ്ങളുണ്ടെങ്കില്‍ അത് റദ്ദാക്കപ്പെടും. കുവൈറ്റിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. എന്നാല്‍ പുതിയ ക്രമീകരണം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

കുടിവെള്ളം ശുദ്ധീകരിച്ച് നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന നിര്‍ദേശത്തോട് കഫേകളുടെയും റെസ്റ്റോറന്റുകളുടെയും ഉടമകളില്‍ നിന്നോ അധികാരികളില്‍ നിന്നോ ഉടനടി അഭിപ്രായമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.

കുവൈറ്റിലെ പ്രധാന വാണിജ്യമേഖലയാണ് കഫേകളുടെയും റെസ്റ്റോറന്റുകളും. 2018ലെ കണക്കുകള്‍ പ്രകാരം, ഏകദേശം 4.6 ദശലക്ഷം ആളുകള്‍ താമസിക്കുന്ന രാജ്യത്ത് ഏതാണ്ട് 1,11,000 കഫേകളും റെസ്റ്റോറന്റുകളുമുണ്ട്. കൊവിഡ് ആഗോള മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം സാമ്പത്തിക തകര്‍ച്ച നേരിടുകയും ബിസിനസ്സുകള്‍ കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തു.

ബീച്ചുകളില്‍ ബാര്‍ബിക്യൂ പാര്‍ട്ടികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി, ഭക്ഷ്യ, ഗതാഗത വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടുത്തിടെ യോഗം ചേര്‍ന്നതായി കുവൈറ്റ് മുനിസിപ്പാലിറ്റി മേധാവി സൗദ് അല്‍ ദാബുസ് വെളിപ്പെടുത്തി. പുതിയ സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം ബാര്‍ബിക്യൂ പാര്‍ട്ടികള്‍ അനുവദിക്കുന്ന ബീച്ചുകള്‍ നിശ്ചയിക്കുന്നതിനാണ് യോഗം ചേര്‍ന്നത്. ഈ ബീച്ചുകളുടെ പട്ടിക രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ബിക്യൂ അനുവദിക്കുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടം ഉണ്ടായിരിക്കുമെന്നും നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംവിധാനമൊരുക്കുമെന്നും അല്‍ ദാബുസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version