India

ഓറഞ്ച് വന്ദേ ഭാരത് പുറത്തിറങ്ങുന്നു; അനാച്ഛാദനം ഓഗസ്റ്റ് 19ന്? പണി പൂർത്തിയായത് 31ാം വന്ദേ ഭാരതിന്‍റേത്

Published

on

ചെന്നൈ: രാജ്യത്തെ റെയിൽ ഗതാഗത സംവിധാനത്തിൽ വിപ്ലവം സൃഷ്ടിച്ചാണ് സെമി ഹൈസ്പീഡ് ട്രെയിനുകൾ അഥവാ വന്ദേ ഭാരത് എക്സ്പ്രസുകൾ ട്രാക്കിലിറങ്ങിയത്. അതിവേഗത്തിൽ നഗരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് വന്ദേ ഭാരതിന്‍റെ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ 31ാമത്തെ വന്ദേ ഭാരത് എക്സ്പ്രസും ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ സജ്ജമായിരിക്കുകയാണ്. ആദ്യത്തെ ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരത് കൂടിയാണ് ഇത്. ഓഗസ്റ്റ് 19ന് പുതിയ നിറത്തിലുള്ള വന്ദേ ഭാരത് അനാച്ഛാദനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് 19 ശനിയാഴ്ച ചെന്നൈയിലെ പ്രൊഡക്ഷൻ യൂണിറ്റിലാകും ഓറഞ്ച് വന്ദേ ഭാരതിന്‍റെ അനാച്ഛാദനം നടക്കുക. നിലവിൽ 25 വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. വിവിധ റൂട്ടുകളിൽ സർവീസ് നടത്താനായി നാല് ട്രെയിനുകൾ കൂടി സജ്ജമായിട്ടുണ്ട്. പുതുതായി പുറത്തിറങ്ങുന്ന ഓറഞ്ച് വന്ദേ ഭാരത് ഏത് റൂട്ടിലാകും സർവീസ് നടത്തുകയെന്ന് വ്യക്തമായിട്ടില്ല.

പുതിയ കളർ കോഡിലുള്ള ട്രെയിൻ ദേശീയ പതാകയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ വാതിലുകളിലും വശങ്ങളിലും പച്ച വരകളും ഒപ്പം ഓറഞ്ച് നിറവും ഉണ്ടാകും.

നിലവിലെ വെള്ള – നീല കോംബിനേഷനിലുള്ള വന്ദേ ഭാരത് ഭംഗിയാണെങ്കിലും പൊടി പിടിക്കുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയിൽവേ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഓഗസ്റ്റ് മാസം സർവീസ് ആരംഭിക്കുന്നതിനായി നാല് ട്രെയിനുകൾ കൂടി രാജ്യത്ത് സജ്ജമായിട്ടുണ്ട്. ഈ പട്ടികയിലെ 31ാമത്തെ ട്രെയിനാണ് ഓറഞ്ച് കളറിൽ പണി പൂർത്തിയാക്കിയിരിക്കുന്നത്. ചെന്നൈ – 2, പട്‌ന, ബെംഗളൂരു, എന്നിങ്ങനെ നാല് എക്‌സ്പ്രസുകളാണ് ഈ മാസം ഫ്‌ളാഗ് ഓഫ് ചെയ്യുക. അതിനിടെ കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് പുതുതായി വന്ദേ ഭാരത് എത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തൻ വന്ദേ ഭാരത് ഏത് റൂട്ടിലാകും സർവീസ് നടത്തുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version