Gulf

മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു; 10 സ്‌ക്രീനുകളും 764 സീറ്റുകളും

Published

on

മദീന: സൗദി അറേബ്യയിലെ പുണ്യനഗമായ മദീനയില്‍ ആദ്യമായി സിനിമാ തിയേറ്റര്‍ തുറന്നു. അല്‍റാഷിദ് മാളിലാണ് പ്രശസ്ത സിനിമാ തിയേറ്റര്‍ ശൃംഖലയായ എംപയര്‍ സിനിമ മള്‍ട്ടിപ്ലക്‌സ് ആരംഭിച്ചത്. കുട്ടികളുടെ തിയേറ്റര്‍ ഉള്‍പ്പെടെ 10 സ്‌ക്രീനുകളും മള്‍ട്ടിപ്ലക്‌സിലുണ്ട്. 764 സീറ്റുകളും ഉള്‍ക്കൊള്ളുന്നു.

എംപയര്‍ കമ്പനിയുടെ സൗദി അറേബ്യയിലെ പത്താമത്തെ സിനിമാ കോംപ്ലക്‌സാണിത്. ‘നിങ്ങളുടെ പ്രിയപ്പെട്ടവരെയും കൂട്ടി മദീനയിലെ ആദ്യത്തെ തിയേറ്ററായ എംപയര്‍ സിനിമാസിലേക്ക് പോകുക’- എംപയര്‍ സിനിമ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. സൗദി അറേബ്യയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് മദീന ബ്രാഞ്ച് എന്ന് എംപയര്‍ സിനിമാസിന്റെ സിഇഒ ജിനോ ഹദ്ദാദ് അറബ് ന്യൂസിനോട് പറഞ്ഞു.

1980കളിലാണ് സൗദിയില്‍ സിനിമാപ്രദര്‍ശനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. 2017ല്‍ സിനിമാ നിരോധനം പിന്‍വലിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ട് സൗദി വിഷന്‍-2030 പരിഷ്‌കരണ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു നയംമാറ്റം. വിപുലമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി 2018ല്‍ സൗദി അറേബ്യ സിനിമാ നിരോധനം നീക്കി.

35 വര്‍ഷത്തിന് ശേഷം സൗദിയിലെ ആദ്യത്തെ സിനിമാശാല ആരംഭിച്ചത് അമേരിക്കന്‍ ശൃംഖലയായ എഎംസി എന്റര്‍ടൈന്‍മെന്റ് ആയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി
രാജ്യം സിനിമ, വിനോദ വ്യവസായരംഗങ്ങളില്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ മേയില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമാ മേഖലയില്‍ 180 മില്യണ്‍ ഡോളര്‍ നിക്ഷേപം സൗദി പ്രഖ്യാപിക്കുകയുണ്ടായി. പ്രാദേശിക ചലച്ചിത്ര വ്യവസായം വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഹോളിവുഡ് പ്രൊഡക്ഷനുകള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് നികുതി ഇളവുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചു.

അന്താരാഷ്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു പുറമേ ആഗോള തലത്തില്‍ സിനിമാ ഷൂട്ടിങ് കേന്ദ്രമായി സൗദിയെ ഉയര്‍ത്തിക്കൊണ്ടുവരാനും പ്രാദേശിക സിനിമാ വ്യവസായത്തെ ശക്തിപ്പെടുത്താനും നടപടികള്‍ സ്വീകരിച്ചു. 2022 നെ അപേക്ഷിച്ച് 2023 രണ്ടാം പാദത്തില്‍ സൗദി അറേബ്യയിലെ സിനിമാ വ്യവസായം 28 ശതമാനം വളര്‍ച്ച കൈവരിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2030 ഓടെ സൗദി അറേബ്യയുടെ സിനിമാ വരുമാനം 1.5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പ്രവചിക്കുന്നത്. സൗദി ഫിലിം കമ്മീഷനും എംബിസി ഗ്രൂപ്പും ചേര്‍ന്ന് പ്രാദേശിക സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷം കരാറുണ്ടാക്കിയിരുന്നു. എംബിസിയുടെ ടിവി ഷോകളിലും സിനിമകളിലും സൗദികള്‍ക്ക് പരിശീലനവും തൊഴിലവസരങ്ങളും ഉറപ്പാക്കും. എംബിസിയുടെ ഷൂട്ടിങുകള്‍ സൗദിയില്‍ നടത്തുന്നതിനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. നിരവധി സിനിമകള്‍ ഇതിനകം സൗദിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.

സൗദികള്‍ നിര്‍മിച്ച സിനിമകളും വിദേശ സിനിമകളും രാജ്യത്ത് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്. പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരെയും നിര്‍മാതാക്കളെയും പ്രോല്‍സാഹിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. സൗദി സിനിമകള്‍ വിദേശത്തേക്ക് അയക്കാനും ഇപ്പോള്‍ സാധ്യമാണ്. സൗദിയിലെ പ്രൊഡക്ഷന്‍ കമ്പനികള്‍ രാജ്യത്ത് സിനിമകളോ ഷോര്‍ട്ട് ഫിലിമുകളോ നിര്‍മിക്കുമ്പോള്‍ സാമ്പത്തിക സഹായവും ര്‍ക്കാര്‍ നല്‍കുന്നുണ്ട്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു ഈ പ്രഖ്യാപനം. സൗദി പ്രതിഭകളെ വിവിധ രംഗങ്ങളില്‍ പങ്കാളികളാക്കി സിനിമ നിര്‍മിക്കുന്നവര്‍ക്ക് 40% വരെ നികുതി ഇളവുകളുണ്ട്. സൗദിയുടെ സംസ്‌കാരം, ഭൂമിശാസ്ത്ര വൈവിധ്യങ്ങള്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്ന ഫീച്ചര്‍ ഫിലിമുകളോ ഷോര്‍ട്ട് ഫിലിമുകളോ നിര്‍മിച്ചാലും നികുതി ഇളവുണ്ട്.

റിയാദിലാണ് രാജ്യത്ത് ഏറ്റവുമധികം സിനിമാ തിയേറ്ററുകളുള്ളത്. രാജ്യത്തെ ഒരു ഡസന്‍ വന്‍കിട നഗരങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. നിരവധി മള്‍ട്ടിപ്ലക്‌സ് കേന്ദ്രങ്ങള്‍ റിയാദ്, ജിദ്ദ, ദമ്മാം, മക്ക, മദീന, ഖമീസ് മുശൈത്ത്, റാബിഗ്, അറാര്‍ തുടങ്ങിയ നഗരങ്ങളില്‍ നിര്‍മിക്കുന്നുണ്ട്. വോക്‌സ് സിനിമാസ്, എംവിഐ സിനിമാസ്, എംപയര്‍ സിനിമാസ്, ഗ്രാന്റ് സിനിമാസ് തുടങ്ങി ലോക പ്രശസ്ത കമ്പനികളാണ് സൗദിയില്‍ തിയേറ്ററുകള്‍ നിര്‍മിച്ചുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version