Gulf

യുഎഇയില്‍ ഓൺലൈൻ തട്ടിപ്പ് കൂടിവരുന്നു; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

Published

on

അബുദബി: യുഎഇയില്‍ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് തട്ടിപ്പിന് ഇരയാകുന്നത്. അപരിചിതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു കാരണവശാലും കൈമാറരുതെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിക്കും മന്ത്രാലയം തുടക്കം കുറിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടുന്ന സംഘം യു.എ.ഇയില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് അടുത്തിടെ ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയായത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായ സന്ദേശം ലഭിക്കുമ്പോഴാണ് പലരും തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കുന്നത്. പരിചിതമല്ലാത്ത വെബ്സൈറ്റ് ലിങ്കുകളില്‍ പ്രവേശിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.

പ്രമുഖ ഭക്ഷണ വിതരണ കമ്പനികളുടെ വെബ്‌സൈറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് ചിലര്‍ തട്ടിപ്പ് നടത്തുന്നത്. പണം അടക്കാനുള്ള ലിങ്കിലൂടെ ഒടിപി കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തും. ഒരേ സ്ഥാപനത്തിലെ 10 പേര്‍ക്കുവരെ ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. യുഎഇയിലെ ഒരു ഫാര്‍മസി ജീവനക്കാരിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടമായത് 50,000 ദിര്‍ഹമാണ്. ഗൂഗില്‍ പേ ആപ്ലിക്കേഷന്‍ വഴിയും ചിലര്‍ക്ക് പണം നഷ്ടമായിട്ടുണ്ട്. അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇ-മെയിലില്‍ ലഭിക്കുന്ന ലിങ്കുകളില്‍ പ്രവേശിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version